ബിജ്‌നോർ (ഉത്തര്‍പ്രദേശ്): അമിതവേഗത്തിലെത്തിയ ബസ് തിളച്ച ടാറുമായി വന്ന ലോറിയില്‍ ഇടിച്ചുള്ള അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലുള്ള സിയോഹാര-ധാംപൂർ പ്രധാന പാതയിലാണ് അപകടമുണ്ടായത്. ടാങ്കറിലുണ്ടായിരുന്ന ചൂടുള്ള ടാര്‍ മേലെ വീണാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്.
ബസിലുണ്ടായിരുന്ന നാല് യാത്രക്കാരെ കൂടാതെ സമീപത്തുകൂടി പോയ ട്രാക്‌ടറിലുണ്ടായിരുന്ന യാത്രക്കാരുടെയും മേലെ ടാര്‍ തെറിച്ചുവീണ് പൊള്ളലേറ്റിട്ടുണ്ട്. ആകെ പരിക്കേറ്റ ഏഴുപേരില്‍ രണ്ടുപേരുടെ നില ഗുരുതരവുമാണ്.
സംഭവം ഇങ്ങനെ : സിയോഹാര പ്രദേശത്ത് റോഡ് നിര്‍മാണ സാമഗ്രികള്‍ സൂക്ഷിക്കുന്ന ഒരു ഡിപ്പോ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. റോഡ് നിര്‍മാണം നടക്കുന്ന സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും വാഹനങ്ങളുടെ സഹായത്തോടെയാണ് നിര്‍മാണ സാമഗ്രികള്‍ കടത്തിയിരുന്നത്. ഇത്തരത്തില്‍ റോഡ് പണി നടക്കുന്ന ധാംപൂരിലേക്ക് വെള്ളിയാഴ്‌ച (03.11.2023) ടാറുമായി പോവുകയായിരുന്നു ടാങ്കർ.
ഇതിനിടെ സിയോഹാര-ധാംപൂർ പ്രധാന പാതയില്‍ ചഞ്ചൽപൂർ ഗ്രാമത്തിന് സമീപം വച്ച് അമിതവേഗത്തിലെത്തിയ ബസ് ടാങ്കറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടാങ്കറിന്‍റെ അടപ്പ് തുറന്ന് ചൂടുള്ള ടാര്‍ ബസില്‍ ജനാലയ്‌ക്കരികില്‍ ഇരുന്നിരുന്ന നാല് യാത്രക്കാരുടെ മേല്‍ തെറിക്കുകയായിരുന്നു. മാത്രമല്ല, ഈ സമയം മറുവശത്ത് കൂടി ട്രാക്‌ടറില്‍ കടന്നുപോവുകയായിരുന്ന മൂന്ന് തൊഴിലാളികളുടെ മേലെയും ചൂടുള്ള ടാര്‍ തെറിച്ചുവീഴുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിക്കൂടി. ഇവര്‍ അപകട വിവരം അറിയിക്കാന്‍ ഹെല്‍പ്‌ലൈന്‍ നമ്പറുകളായ 108, 112 എന്നീ നമ്പറുകളിൽ വിളിച്ചെങ്കിലും അധികൃതരെ കിട്ടിയില്ല. ഇതോടെ നാട്ടുകാരുടെ സഹായത്തോടെ പൊള്ളലേറ്റവരെ അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.