ഗാന്ധിനഗര്‍: ഗുജറാത്തില്‍ കനത്ത മഴ. ജുനഗഡില്‍ കാലപ്പഴക്കമുള്ള മൂന്ന് കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ് പരിക്കേറ്റ മൂന്ന് പേര്‍ മരിച്ചു. കെട്ടിടാവശിഷ്‌ടങ്ങളില്‍ കുടുങ്ങിയ ഒരു കുടുംബത്തിലെ ഒന്‍പത് പേരെ രക്ഷപ്പെടുത്തി. നിലംപൊത്തിയ കെട്ടിടത്തിനുള്ളില്‍ ഇനിയും ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും അവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാണെന്നുമാണ് ലഭിക്കുന്ന വിവരം.
ഇന്ന് (ജൂലൈ 24) ഉച്ചയോടെയാണ് സംഭവം. കനത്ത മഴയേയും കാറ്റിനെയും തുടര്‍ന്ന് മിന്‍റ് റോഡിലെ രാജാ മേത്ത പോളിലെ മൂന്ന് നിലകളുള്ള കെട്ടിടം നിലംപൊത്തുകയായിരുന്നു. എന്‍ഡിആര്‍എഫ് (National Disaster Response Force (NDRF)) സംഘം സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. ജനസാന്ദ്രതയുള്ള മേഖലയായത് കൊണ്ട് രക്ഷാപ്രവര്‍ത്തനം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും എന്‍ഡിആര്‍എഫ് സംഘം അറിയിച്ചു.
സംഭവത്തിന് പിന്നാലെ ജുനഗഡ് മേയര്‍ സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്ന മുഴുവന്‍ പേരെയും രക്ഷപ്പെടുത്തുമെന്നും 500ലധികം പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളതെന്നും മേയര്‍ പറഞ്ഞു. ജെസിബി പോലുള്ള മുഴുവന്‍ സംവിധാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചിട്ടുണ്ട്. തകര്‍ന്ന് വീണ കെട്ടിടങ്ങളുടെ താഴത്തെ നിലയില്‍ നിരവധി കടകള്‍ പ്രവര്‍ത്തിച്ചിരുന്നു. കെട്ടിടത്തിന് പിന്‍വശത്ത് നിരവധി വീടുകളായിരുന്നു. അതുകൊണ്ട് അപകടത്തില്‍പ്പെട്ടവരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് ലഭ്യമാകുന്ന വിവരം.
ഗുജറാത്തില്‍ കനത്ത മഴ; വ്യാപക നാശനഷ്‌ടം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുജറാത്തില്‍ കനത്ത മഴയാണ് തുടരുന്നത്. നിരവധി ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായി. അഹ്മദാബാദ് വിമാനത്താവളത്തില്‍ വെള്ളം കയറി. യാത്രക്കാര്‍ ദുരിതത്തിലായി. കൂടാതെ അഹ്മദാബാദിലെ മിതാഖലി മേഖലയില്‍ വീട് തകര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഇവരിലൊരാള്‍ ചികിത്സക്കിടെ മരിക്കുകയും ചെയ്‌തു. വെള്ളപ്പൊക്കത്തില്‍ പെട്ട് നിരവധി കന്നുകാലികള്‍ ചത്തു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗുജറാത്തിലെ രണ്ട് ദേശീയ പാതകള്‍, പത്ത് സംസ്ഥാന ഹൈവേകള്‍, 200 ലധികം ഗ്രാമീണ റോഡുകള്‍ എന്നിവ അടച്ചിട്ടിരിക്കുകയാണ്. ശക്തമായ മലവെള്ളപ്പാച്ചില്‍പ്പെട്ട് വാഹനങ്ങളും കന്നുകാലികളും ഒഴുകി പോയി.
ജുനഗഡിലെ ദുരന്ത ബാധിത മേഖലകളില്‍ നിന്ന് മാത്രം 3000ത്തോളം പേരെ സുരക്ഷിതയിടത്തേക്ക് മാറ്റി പാര്‍പ്പിച്ചു. സൗരാഷ്‌ട്രയിലെ പോർബന്തർ, ദ്വാരക എന്നീ ജില്ലകളിൽ അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ ആനന്ദ്, ബറൂച്ച്, സൂറത്ത് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നിലവില്‍ കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
also read: കനത്ത മഴ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു