ഭിവണ്ടി (മഹാരാഷ്‌ട്ര) : ഇരുനില കെട്ടിടത്തിന്‍റെ ഒരു ഭാഗം തകര്‍ന്നുവീണ് എട്ടുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം (Building Slab Collapsed In Bhiwandi). ഗൗരിപദ സാഹില്‍ ഹോട്ടല്‍ ഏരിയയിലാണ് സംഭവം. അര്‍ധ രാത്രിയോടെ അബ്‌ദുല്‍ ബാരി ജനാബ് കെട്ടിടത്തിന്‍റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങള്‍ നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് തുടരുകയാണ്. മേഖലയില്‍ ദുരന്ത നിവാരണ സേനയേയും ഫയര്‍ഫോഴ്‌സിനെയും വിന്യസിച്ചിട്ടുണ്ട്. കെട്ടിടത്തിന്‍റെ പിന്‍ ഭാഗത്തുള്ള സ്ലാബ് തകര്‍ന്ന് വീണതാണ് അപകടത്തിന് കാരണം (Bhiwandi Building Collapse). സ്ലാബ് തകര്‍ന്നതോടെ കെട്ടിടത്തില്‍ താമസിച്ചിരുന്ന കുടുംബം അവശിഷ്‌ടങ്ങള്‍ക്കടിയില്‍പ്പെട്ടു.
ഉടന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഭിവണ്ടി അഗ്‌നി രക്ഷാസേന സംഭവസ്ഥലത്ത് എത്തുകയും കെട്ടിട അവശിഷ്‌ടങ്ങള്‍ നീക്കി രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്‌തു. ഏഴ് പേരായിരുന്നു കുടുങ്ങി കിടന്നിരുന്നത്. പരിക്കേറ്റവരെ റിക്ഷയില്‍ ആശുപത്രിയില്‍ എത്തിച്ചു.
നിലവില്‍ സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്നും ഇനിയും ആരെങ്കിലും അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാന്‍ തെരച്ചില്‍ പുരോഗമിക്കുന്നുവെന്നും ഫയര്‍ ഓഫിസര്‍ സുധാകര്‍ പവാര്‍ അറിയിച്ചു. ജനസാന്ദ്രതയുള്ള പ്രദേശത്താണ് കെട്ടിടം സ്ഥിതിചെയ്യുന്നത് എന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം ഉണ്ടാക്കുന്നുണ്ട്. തകര്‍ന്ന അബ്‌ദുല്‍ ബാരി ജനാബ് കെട്ടിടത്തിന് 40ലധികം വര്‍ഷം പഴക്കമുണ്ട്. താഴെയുള്ള നിലയില്‍ ഒരു തറി ഫാക്‌ടറി പ്രവര്‍ത്തിക്കുന്നുണ്ട്. മുകളിലെ നിലയിലാണ് ആളുകള്‍ താമസിക്കുന്നത്.
ഉത്തരാഖണ്ഡിൽ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഉണ്ടായ മണ്ണിടിച്ചിലിൽ കെട്ടിടം തകർന്ന് അഞ്ച് പേര്‍ മരിച്ചിരുന്നു. ഹരിയാനയിലെ കുരുക്ഷേത്ര സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തിൽ മണ്ണിനടിയിൽ കുടുങ്ങി മരിച്ചത്. പൗരി ജില്ലയിലെ യാമകേശ്വറിൽ ആണ് മണ്ണിടിച്ചിൽ ഉണ്ടായത്.
'നൈറ്റ് ഇൻ പാരഡൈസ്' റിസോർട്ടാണ് മണ്ണിടിച്ചിലിൽ തകര്‍ന്ന് വീണത്. കമൽ വർമ (36), നിഷ വർമ (32), വിശാൽ (24), നിശാന്ത് വർമ (18), നിർമിത് വർമ എന്നിവരുടെ മൃതശരീരങ്ങള്‍ എസ്‌ഡിആർഎഫ് (State Disaster Response Force) സംഘം രണ്ട് ദിവസത്തെ തെരച്ചിലിനൊടുവിൽ മണ്ണിനടിയിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. ഇതിൽ കമൽ, നിഷ, വിശാൽ എന്നിവരുടെ മൃതദേഹങ്ങൾ ഓഗസറ്റ് 15 നും നിശാന്ത്, നിർമിത് എന്നിവരുടെ മൃതദേഹങ്ങൾ ഓഗസ്റ്റ് 16നും ആയിരുന്നു കണ്ടെത്തിയത്.
ആറ് പേരാണ് അന്ന് അപടകടത്തിൽപ്പെട്ടത്. ഇതിൽ 10 വയസുകാരിയായ കൃതിക വർമയെ എസ് ഡി ആർ എഫ് സംഘം അന്നു തന്നെ രക്ഷപ്പെടുത്തിയിരുന്നു. ഓഗസ്‌റ്റ് 13, 14 തിയതികളിൽ ഉത്തരാഖണ്ഡിൽ പെയ്‌ത അതി ശക്തമായ മഴ ഋഷികേശിൽ കനത്ത നാശമാണ് വിതച്ചത്.