ഗോപേശ്വര്‍ (ഉത്തരാഖണ്ഡ്): ചമോലി ജില്ലയിലെ ജോഷിമതിന് സമീപം ഹെലാങ്ങില്‍ കെട്ടിടം തകര്‍ന്ന് ആളുകള്‍ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സംഭവത്തില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തി. അപകടത്തില്‍ കാണാതായവർക്കായി സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആര്‍എഫ്) രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ല അഡിഷണല്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ രവീന്ദ്ര നേഗി അറിയിച്ചു.
ഇന്നലെ (ഓഗസ്റ്റ് 15) വൈകിട്ടോടെയാണ് പിപാല്‍കോട്ടിയ്‌ക്കും ജോഷിമതിനും ഇടയിലുള്ള ഹെലാങ് ഗ്രാമത്തില്‍ കെട്ടിടം തകര്‍ന്ന് വീണത്. ക്രഷര്‍ യൂണിറ്റിനും അളകനന്ദ നദിക്കും സമീപം സ്ഥിതിചെയ്യുന്ന ഇരുനില കൊട്ടിടമാണ് തകര്‍ന്നത്. ക്രഷര്‍ യൂണിറ്റില്‍ ജോലി ചെയ്യുന്നവരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്.
നാലുപേരെങ്കിലും ഇനിയും കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സമീപവാസികള്‍ നല്‍കുന്ന വിവരം. എന്നാല്‍ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം ഔദ്യോഗികമായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല. ഉത്തരാഖണ്ഡില്‍ മഴ ശക്തമായതോടെ ജോഷിമതില്‍ നിരവധി വീടുകളാണ് മണ്ണിടിച്ചിലില്‍ തകര്‍ന്നത്.
ഉത്തരാഖണ്ഡില്‍ മരണ സംഖ്യ ഉയരുന്നു: സംസ്ഥാനത്തെ മഴക്കെടുതി ബാധിച്ച പ്രദേശങ്ങളില്‍ ഇന്നലെ (ഓഗസ്റ്റ് 15) നടത്തിയ തെരച്ചിലില്‍ ഉത്തരകാശി ജില്ലയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. മഴയുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച മുതല്‍ ഉണ്ടായ അപകടങ്ങളില്‍ ഇതോടെ മരണം ആറായി. ആരാക്കോട്ട് മേഖലയില്‍ ഏഴുപേരെ കാണാതായിട്ടുണ്ട്.
പവാര്‍ നദി കരകവിഞ്ഞൊഴുകി ആരാക്കോട്ട് മേഖലയിലെ ഗ്രാമങ്ങളില്‍ പ്രവേശിച്ചതോടെ കാണാതായ സ്‌ത്രീയുടെയും ഋഷികേശിലെ ലക്ഷ്‌മണ്‍ ഝുല പ്രദേശത്ത് മഴവെള്ളപ്പാച്ചിലില്‍ കാണാതായ തേജസ്വിനി എന്ന 14കാരിയുടെയും മൃതദേഹം കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിങ്കളാഴ്‌ച (ഓഗസ്റ്റ് 14) ആണ് തേജസ്വിനിയെ കാണാതായത്. അമ്മയ്‌ക്കും സഹോദരനുമൊപ്പം കാറില്‍ സഞ്ചരിക്കവെ വെള്ളത്തില്‍ ഒലിച്ചുപോകുകായായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയ്‌ക്കും സഹോദരനും വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.
റിസോര്‍ട്ടില്‍ മണ്ണിടിച്ചില്‍ : ലക്ഷ്‌മണ്‍ ഝുല പ്രദേശത്തെ റിസോര്‍ട്ടായ നൈറ്റ് പാരഡൈസ് ക്യാമ്പില്‍ തിങ്കളാഴ്‌ച ഉണ്ടായ മണ്ണിടിച്ചിലിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ തിരിച്ചറിഞ്ഞതായി പൊലീസ്. സംഭവ സ്ഥലത്ത് നിന്ന് തിങ്കളാഴ്‌ച രാത്രി കണ്ടെത്തിയ മൃതദേഹം 24കാരനായ മോണ്ടി വര്‍മയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൃതിക വര്‍മ എന്ന 10 വയസുകാരി പരിക്കുകളോടെ രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. ഹരിയാന സ്വദേശികളായ കമല്‍ വര്‍മ (39), ഭാര്യ നിഷ (37), മകന്‍ നിര്‍മിത് (11), നിശാന്ത് വര്‍മ എന്നിവരെ ഇതുവരെയും കണ്ടെത്താനായില്ല.
പൗരി സീനിയര്‍ പൊലീസ് സൂപ്രണ്ട് ശ്വേത ചൗബെ, എസ്‌ഡിആര്‍എഫ്, ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) ഉദ്യോഗസ്ഥര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു.