ന്യൂഡൽഹി: പാർലമെന്‍റ് ബജറ്റ് സമ്മേളനം വെട്ടിക്കുറയ്ക്കാൻ സാധ്യത. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം ആരംഭിക്കുന്ന മാർച്ച് 27ന് മുമ്പ് സമ്മേളനം സമാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ചൊവ്വാഴ്ച മുതൽ പാർലമെന്‍റ് സമ്മേളനത്തിന്‍റെ സമയക്രമത്തിൽ മാറ്റം വരും. രാവിലെ 11 മണി മുതലായിരിക്കും സഭ സമ്മേളനം ആരംഭിക്കുക.
അടുത്ത മാസം എട്ടു വരെയാണ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം നിശ്ചയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സമ്മേളനം ഒരാഴ്ചയായി ചുരുക്കണമെന്ന് നിരവധി എംപിമാർ ആവശ്യപ്പെട്ടിരുന്നു. ജനുവരി 29 ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ സെഷൻ ഫെബ്രുവരി 29 നാണ് അവസാനിച്ചത്. ഇന്ന് മുതലാണ് രണ്ടാം ഘട്ട സമ്മേളനം ആരംഭിച്ചത്.