ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപുള്ള മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റിൽ കാർഷിക മേഖലയ്‌ക്ക് പ്രാധാന്യം നൽകുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾ. പുതിയ കാർഷിക ഉത്തേജന ഫണ്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു.
കൃഷിക്ക് ഐടി അധിഷ്‌ഠിത അടിസ്ഥാന വികസനവും ഗ്രാമീണ മേഖലയിൽ അഗ്രി സ്റ്റാർട്ടപ്പ് ഫണ്ടും രൂപീകരിക്കും. കാർഷിക ഉത്പന്നങ്ങൾ സംഭരിക്കാൻ സംഭരണകേന്ദ്രങ്ങൾ ആരംഭിക്കും. ചെറുധാന്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതികളും പ്രഖ്യാപിച്ചു. ചോളം, റാഗി, ചാമ, തിന തുടങ്ങിയ ഭക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കും. ഇന്ത്യയെ ചോളത്തിന്‍റെ ഹബ്ബാക്കി മാറ്റുമെന്ന് നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
ഭക്ഷ്യോത്‌പാദനത്തിൽ രാജ്യത്തെ ഒന്നാമതെത്തിക്കും. അതിനായി ശ്രീ അന്ന ഗവേഷണ കേന്ദ്രം ആരംഭിക്കും. കർഷകർക്ക് ഡിജിറ്റൽ സൗകര്യം ലഭ്യമാക്കുന്ന വൻകിട പദ്ധതികൾ നടപ്പിലാക്കും. കർഷകർക്കും വ്യവസായികൾക്കും ഏകജാലക സൗകര്യം നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക മേഖലയിൽ സഹകരണ മേഖലയുടെ ഇടപെടൽ ഉറപ്പാക്കുന്ന പ്രഖ്യാപനങ്ങളും നടത്തി. കർഷകർക്കായി നിരവധി സഹകരണ സംഘങ്ങൾ സ്ഥാപിക്കും.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ചിനെ മികവിന്‍റെ കേന്ദ്രമായി പിന്തുണയ്ക്കും. യുവകർഷകരെ പ്രോത്സാഹിപ്പിക്കാൻ ഫണ്ട് അനുവദിക്കും. കാർഷിക വായ്‌പ 20 ലക്ഷം കോടിയായി ഉയർത്തും.
2,200 കോടിയുടെ ഹോർട്ടികൾച്ചർ പാക്കേജ്; ഉയർന്ന മൂല്യമുള്ള ഹോർട്ടികൾച്ചറൽ വിളകൾക്ക് രോഗബാധയില്ലാത്ത ഗുണനിലവാരമുള്ള നടീൽ വസ്‌തുക്കളുടെ ലഭ്യത മെച്ചപ്പെടുത്തുന്നതിനായി 2,200 കോടി രൂപ ചെലവിൽ സർക്കാർ ആത്മനിർഭർ ക്ലീൻ പ്ലാന്‍റ് പ്രോഗ്രാം ആരംഭിക്കുമെന്ന് നിര്‍മല സീതാരാമൻ പറഞ്ഞു.
പ്രകൃതിദത്ത കൃഷിക്കായി ഒരു കോടി കർഷകർക്ക് സഹായം. 10,000 ബയോ ഇൻപുട്ട് റിസോഴ്‌സ് സെന്‍ററുകൾ രാജ്യത്താകെ തുടങ്ങും.