ന്യൂഡൽഹി: പദ്‌മഭൂഷൺ പുരസ്കാരം നിരസിച്ച് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ. പുരസ്കാരത്തെ കുറിച്ച് തനിക്ക് യാതൊന്നുമറിയില്ലെന്നും തന്നോട് അതിനെ കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രതികരിച്ച അദ്ദേഹം, തനിക്ക് പദ്‌മഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ടെങ്കിൽ അത് നിരസിക്കുന്നുവെന്നും വ്യക്തമാക്കി.
ചൊവ്വാഴ്‌ച രാവിലെയാണ് പദ്‌മഭൂഷൺ നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം അദ്ദേഹത്തിന്‍റെ വസതിയിലേക്ക് വിളിച്ചറിയിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. അസുഖബാധിതനായി കിടപ്പിലായതിനാൽ അദ്ദേഹത്തിന്‍റെ ഭാര്യയാണ് ഫോൺ എടുത്തത്.
ഈ വർഷത്തെ പത്മ പുരസ്കാര ജേതാക്കളിൽ ഒരാളായി അദ്ദേഹത്തെ പ്രഖ്യാപിച്ച വിവരം അവരെ അറിയിച്ചു. എന്നാൽ ഭട്ടാചാര്യയുടെ ഭാര്യയോ കുടുംബത്തിലെ മറ്റ് അംഗങ്ങളോ അതിനെ എതിർത്തില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
READ MORE:പദ്‌മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജനറൽ ബിപിൻ റാവത്തിന് പദ്‌മ വിഭൂഷൻ
പദ്‌മ പുരസ്‌കാരങ്ങൾ നൽകാനുള്ള തീരുമാനത്തെക്കുറിച്ച് പേരുകൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പുരസ്കാര ജേതാക്കളുടെ സാധ്യതാപട്ടികയിലുള്ളവരെ വിളിച്ച് വിവരമറിയിക്കുന്നതാണ് വഴക്കം. എതിർപ്പ് ഉയരുന്ന പക്ഷം അവരുടെ പേരുകൾ ഒഴിവാക്കും. ഈ സാഹചര്യത്തിലാണ് ഭട്ടാചാര്യ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം പുരസ്കാരം നിരസിച്ച നിലപാട് ഭട്ടാചാര്യയുടെയും പാർട്ടിയുടെയും തീരുമാനമാണെന്നാണ് സിപിഎം വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ബുദ്ധദേവ് ഭട്ടാചാര്യ പദ്‌മ പുരസ്കാരം നിരസിക്കുകയാണെന്ന് സി.പി.എം ജനറൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ട്വീറ്റിലൂടെ അറിയിച്ചിരുന്നു.