ന്യൂഡല്‍ഹി : ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മുതിർന്ന ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷത്തിന് പിന്നാലെയാണ് ഗവർണർ തവാർ ചന്ദ് ഗെലോട്ടിന് യെദ്യൂരപ്പ രാജി സമർപ്പിച്ചത്.
കര്‍ണാടകയിൽ ബിജെപി സർക്കാർ വന്നതിന് ശേഷം നാലാംതവണയാണ് കാലാവധി പൂർത്തിയാക്കാതെ യെദ്യൂരപ്പ മുഖ്യമന്ത്രി പദം രാജിവയ്‌ക്കുന്നത്. പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കില്‍ ഒപ്പമുണ്ടാകുമെന്ന് യെദ്യൂരപ്പ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്‍റെ രാജി സംസ്ഥാന രാഷ്ട്രീയത്തിന് പുറമെ ദേശീയ രാഷ്ട്രീയത്തിലും ബിജെപിയില്‍ ചർച്ചയാകും.
യെദ്യൂരപ്പ ; തെക്കേ ഇന്ത്യൻ ബിജെപി നേതാക്കള്‍ക്കിടയിലെ കരുത്തൻ
നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച് തെക്കേ ഇന്ത്യയില്‍ ബിജെപി സർക്കാർ രൂപീകരിച്ച ഏക ബിജെപി നേതാവാണ് യെദ്യൂരപ്പ. 2007 നവംബറിലാണ് കര്‍ണാടകയുടെ മുഖ്യമന്ത്രിയായി യെദ്യൂരപ്പ ആദ്യം തെരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ ആ സ്ഥാനാരോഹണത്തിന് ഏഴ് ദിവസം മാത്രമാണ് ആയുസുണ്ടായിരുന്നത്. അധികാരം വിഭജിക്കുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് എച്ച്.ഡി കുമാരസ്വാമിയുമായുണ്ടായ തർക്കം സർക്കാരിനെ താഴെയിറക്കി ഒപ്പം യെദ്യൂരപ്പയെയും.
തുടർന്ന് 2008ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 224 സീറ്റില്‍ 110 സ്വന്തമാക്കി യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി ശക്തമായി തിരിച്ചെത്തി. ആറ് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ നേടി വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്. എന്നാൽ അഴിമതി ആരോപണത്തെ തുടർന്ന് 2011ല്‍ യെദ്യൂരപ്പയ്‌ക്ക് രാജിവയ്‌ക്കേണ്ടിവന്നു.
തുടർന്ന് സദാനന്ദ ഗൗഡയും, ജഗദീഷ് ഷെട്ടാറും മുഖ്യമന്ത്രിമാരായി. ഇക്കാലയളവില്‍ എല്ലാവരെയും ഞെട്ടിച്ച് യെദ്യൂരപ്പ ബിജെപി വിട്ട് കർണാടക ജനത പക്ഷ എന്ന പാർട്ടി രൂപം നല്‍കി. യെദ്യൂരപ്പയുടെ അഭാവത്തില്‍ 2013ലെ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി കനത്ത തോല്‍വിയിലേക്ക് കൂപ്പുകുത്തി. സീറ്റ് നില 110ല്‍ നിന്ന് 40 ലേക്ക് താണു. 122 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തി.
ബിജെപിയിലേക്കുള്ള തിരിച്ചുവരവ്
2014 പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തന്‍റെ പാർട്ടിയെ ബിജെപിയില്‍ ലയിപ്പിച്ച യെദ്യൂരപ്പ വീണ്ടും ബിജെപിയുടെ മുഖമായി. ഷിമോഗയില്‍ നിന്ന് അദ്ദേഹം എം.പി ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.
ശേഷം 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ യെദ്യൂരപ്പ വീണ്ടും അധികാരത്തിലെത്തു. വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഗവർണർ സർക്കാർ രൂപീകരിക്കാൻ യെദ്യൂരപ്പയ്‌ക്ക് അവസരം നൽകി. ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസമാണ് ഗവർണർ നല്‍കിയത്.
എന്നാല്‍ 24 മണിക്കൂറിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നു. പിന്നാലെ സഖ്യത്തിലേർപ്പെട്ട കോണ്‍ഗ്രസും ജനതാദളും എച്ച്.ഡി കുമാർസ്വാമിയെ മുഖ്യമന്ത്രിയാക്കി.
ഭരണപക്ഷത്ത് നിന്ന് 15 എംഎല്‍എമാരെ അടർത്തിയെടുത്ത് 2019ല്‍ വീണ്ടും യെദ്യൂരപ്പ മുഖ്യമന്ത്രി പദത്തിലേക്കെത്തി. ശേഷം രണ്ട് വർഷങ്ങള്‍ക്കിപ്പുറമാണ് പാർട്ടി നിർദേശത്തിന് വഴങ്ങി യെദ്യൂരപ്പ വീണ്ടും സ്ഥാനമൊഴിയുന്നത്.
പകരം ആര്
യെദ്യൂരപ്പയ്‌ക്ക് പകരക്കാരനെ കണ്ടെത്തുക എന്നത് ബിജെപിക്ക് വലിയ വെല്ലുവിളിയാണ്. കേന്ദ്ര പാർലമെന്‍ററി കാര്യമന്ത്രി പ്രൾഹാദ് ജോഷി, മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡ തുടങ്ങി നിരവധി പേരുകൾ ചര്‍ച്ചയിലുണ്ട്. അടുത്തിടെ നടന്ന കേന്ദ്ര മന്ത്രിസഭ പുനസംഘടനയിൽ നിർണായക പങ്ക് വഹിച്ച ബിജെപിയുടെ കരുത്തനായ സംഘടന സെക്രട്ടറി ബി.എൽ സന്തോഷിന്‍റെ പേരും ഉയർന്നു കേള്‍ക്കുന്നുണ്ട്.
ഇതിനുപുറമെ, ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായ സി.ടി രവിയുടെ പേരും ചർച്ചയിലുണ്ട്. സംസ്ഥാനത്തെ ഏറ്റവും പ്രബലമായ രണ്ടാമത്തെ വോട്ടർ ഗ്രൂപ്പായ വൊക്കലിംഗ വിഭാഗത്തിൽ നിന്നുള്ള നേതാവായത് രവിക്ക് മുൻതൂക്കം നല്‍കുന്നുണ്ട്.
നേതാക്കളെ കണ്ടെത്താനാകാതെ ബിജെപി
കേന്ദ്രത്തില്‍ കരുത്തരായ നേതാക്കൻമാരുണ്ടെങ്കിലും സംസ്ഥാന തലത്തില്‍ സംസ്ഥാന ഭരണമേല്‍പ്പിക്കാൻ പറ്റിയ നേതാക്കൻമാരില്ല എന്നതാണ് ബിജെപി നേരിടുന്ന പ്രതിസന്ധി. ഇത് കർണാടകയിലെ മാത്രം അവസ്ഥയല്ല. മഹാരാഷ്‌ട്ര, രാജസ്ഥാൻ, ജാർഖണ്ഡ്, ഛത്തിസ്‌ഗഢ് സംസ്ഥാനങ്ങളിലെ തോല്‍വികള്‍ക്ക് കാരണം മികച്ച ഒരു നേതാവില്ലാത്തതായിരുന്നു.
രാജസ്ഥാനിലെ വസുന്ധര രാജെ സർക്കാരിനും, ഛത്തീസ്ഗഡിലെ രമണ്‍ സിങ് സർക്കാരിനും, ജാർഖണ്ഡിലെ രഘുബാർ ദാസ് സർക്കാരിനുമെതിരെ ഉയർന്ന ഭരണ വിരുദ്ധത കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട ബിജെപി ഇവിടങ്ങളില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു.
രാജസ്ഥാൻ, ഛത്തിസ്‌ഗഡ്, ഹരിയാന, ജാർഖണ്ഡ്
വസുന്ധര രാജയും രമണ്‍ സിങ്ങും സ്വന്തം ജനപ്രീതി കൊണ്ട് വിജയം നേടിയവരാണെങ്കിൽ രഘുബാർ ദാസ്, ജഗദീഷ് ഷെട്ടാർ, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും ബ്രാൻഡ് ഇമേജും ഉയർത്തിക്കാട്ടിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ മികച്ച വിജയത്തിന് പിന്നാലെ ജാർഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഖത്തർ, ദാസ്, ഫഡ്‌നാവിസ് ടീമിനെ മോദി - അമിത് ഷാ സഖ്യം നേരിട്ടാണ് നിയമിച്ചത്. 2014 -15 സമയത്ത് രാജസ്ഥാനൊഴികെ മഹാരാഷ്‌ട്ര, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളില്‍ മോദി പ്രഭാവം ഒന്നുകൊണ്ടു മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്.
ദുഷ്യന്ത് ചൗതാലയുടെ ജൻനായക് ജനതാ പാർട്ടിയുമായി സഖ്യം ചേര്‍ന്ന് 2019ല്‍ ഏറെ കഷ്‌ടപ്പെട്ടാണ് ഹരിയാനയില്‍ ജഗദീഷ് ഖട്ടാറിനെ മുഖ്യമന്ത്രിയാക്കാൻ ബിജെപിക്ക് സാധിച്ചത്. 2014ല്‍ 37 അംഗങ്ങളെ നിയമസഭയിലെത്തിക്കാനായ ബിജെപിക്ക് 2019 ല്‍ വിജയപ്പിക്കാനായത് 25 പേരെ മാത്രമാണ്.
ഉത്തരാഖണ്ഡ്
കരുത്തരായ പ്രാദേശിക നേതാക്കളുടെ അഭാവം രാജസ്ഥാൻ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ജാർഖണ്ഡ് എന്നിവിടങ്ങളില്‍ മാത്രമല്ല ഉത്തരാഖണ്ഡിലും ബിജെപിക്ക് ഏറെ തലവേദന സൃഷ്‌ടിച്ചിട്ടുണ്ട്. നാല് മാസത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരാണ് സംസ്ഥാനത്ത് അധികാരമേറ്റത്.
മാർച്ചിൽ ത്രിവേന്ദ്ര സിങ് റാവത്തിന് പകരമെത്തിയ തിരത്ത് സിങ് റാവത്തിനെ നാല് മാസത്തിനുള്ളിൽ മാറ്റി. രണ്ട് തവണ മാത്രം എംഎല്‍എ ആയ താരതമ്യേന അനുഭവപരിചയമില്ലാത്ത പുഷ്‌കർ സിങ് ധാമിക്കാണ് ഇപ്പോള്‍ പാർട്ടിയെ നയിക്കേണ്ട ചുമതല നല്‍കിയിരിക്കുന്നത്. അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ മാറ്റങ്ങള്‍.
ഗുജറാത്ത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിൽ പാർട്ടിക്ക് വിശ്വാസയോഗ്യമായ മുഖമില്ലെന്നതാണ് യാഥാർഥ്യം. 2017 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദി നേരിട്ട് പ്രചാരണം നടത്തിയിട്ടും നേരിയ വിജയം മാത്രമാണ് പാർട്ടിക്ക് നേടാനായത്. ശേഷം വിജയ് റൂപാണിയെ രണ്ടാമതും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു.
ഉത്തർപ്രദേശ്, മധ്യപ്രദേശ്
കടുത്ത ഹിന്ദുത്വ വാദിയായ യോഗി ആദിത്യനാഥിനെ മുന്നിൽ നിർത്തിയിട്ടും മോദിയുടെ നേരിട്ടുള്ള പ്രചാരണമാണ് 2017ല്‍ ഉത്തർപ്രദേശില്‍ ബിജെപിക്ക് അധികാരം നേടിക്കൊടുത്ത്. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് തന്നെ നയിക്കുമോയെന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
മധ്യപ്രദേശിലും സ്ഥിതി സമാനമാണ്. ഹാട്രിക് വിജയം ലക്ഷ്യമിട്ട് 2018ല്‍ പോരാട്ടത്തിനിറങ്ങിയ ബിജെപിയെ രക്ഷിക്കാൻ ശിവരാജ് സിങ് ചൗഹാന് കഴിഞ്ഞില്ല. പക്ഷേ ഇന്നും ചൗഹാന് പകരക്കാരനെ കണ്ടെത്താൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്ന് പുറത്തുപോകുകയും സംസ്ഥാനത്ത് ഒരു വർഷത്തിലേറെ പഴക്കമുള്ള കമൽനാഥ് സർക്കാരിന്‍റെ പതനത്തിന് കാരണക്കാരനാകുകയും ചെയ്‌തതോടെയാണ് ബിജെപിക്ക് അധികാരം ലഭിച്ചത്.
also read: ബിഎസ് യെദ്യൂരപ്പ രാജിവച്ചു; വികാരാധീനനായി പ്രഖ്യാപനം