ലഖ്‌നൗ: സമാജ്‌വാദി പാർട്ടിയെ (എസ്‌പി) വിമർശിച്ച് ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) നേതാവ് മായാവതി. ബിഎസ്‌പിയിൽ നിന്നും സസ്പെൻഡ് ചെയ്‌ത അഞ്ച് എംഎൽഎമാർ എസ്‌പി നേതാവ് അഖിലേഷ് യാതവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു മായാവതി വിമർശനങ്ങളുമായി രംഗത്തെത്തിയത്. എസ്‌പി പാർട്ടി ഇടുങ്ങിയ രാഷ്‌ട്രീയത്തിൽ നിപുണരാണെന്നും ബിഎസ്‌പി എംഎൽഎമാർ എസ്‌പി നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന രീതിയിലെ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഇതിന് തെളിവാണെന്നും എല്ലാം എസ്‌പിയുടെ മിഥ്യാധാരണകൾ മാത്രമാണെന്നും മായാവതി ട്വിറ്ററിൽ കുറിച്ചു.
രാജ്യസഭ തെരഞ്ഞെടുപ്പ് സമയത്താണ് അഞ്ച് എംഎൽഎമാരെയും സസ്പെൻഡ് ചെയ്‌തതെന്നും പാർട്ടിയിലെ ഒരു ദളിത് സ്ഥാനാർഥിയെ തോൽപ്പിക്കാനായി സമാജ്‌വാദി പാർട്ടിയുമായും ഒരു വ്യവസായിയായും അശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്ന് കണ്ടെത്തിയതിനു പിന്നാലെയായിരുന്നു സസ്പെൻഷനെന്നും മായാവതി പറഞ്ഞു. ഈ എംഎൽഎമാർ തങ്ങളുടെ പാർട്ടിയിൽ ചേർന്നാൽ എസ്‌പിയിൽ കലാപവും അനൈക്യവും ഉണ്ടാകുമെന്ന് എസ്‌പി നേതാക്കൾക്ക് അറിയാമെന്നും മായാവതി പറഞ്ഞു.
Also Read: ഒഡീഷയിൽ ഭാഗിക ലോക്ക്ഡൗൺ ജൂലൈ ഒന്ന് വരെ നീട്ടി
ദളിത് വിരുദ്ധതയായിരുന്നു എന്നും എസ്‌പിയുടെ മുഖമുദ്രയെന്നും അതിൽ നിന്നും അൽപ്പംപോലും മെച്ചപ്പെടാൻ അവർ ശ്രമിക്കുന്നില്ലെന്നും മായാവതി കുറ്റപ്പെടുത്തി. ഇതിനാലാണ് ബിഎസ്‌പി ഏറ്റെടുത്ത ക്ഷേമ പ്രവർത്തികൾ എസ്‌പി സർക്കാർ നിർത്തിവെച്ചതെന്നും മായാവതി പറഞ്ഞു. ഭണ്ഡോഹിയെ സന്ത് രവിദാസ് നഗർ എന്ന നിലയിൽ പുതിയ ജില്ലയായി പ്രഖ്യാപിക്കാത്തത് അപലപനീയമാണെന്നും മായാവതി കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ആളുകളെ തെറ്റദ്ധരിപ്പിക്കാനുള്ള എസ്‌പിയുടെ നാടകം മാത്രമാണ് നിലവിൽ പുറത്തുവരുന്ന കൂടിക്കാഴ്‌ചയുടെ വാർത്തകളെന്നും മായാവതി ആരോപിച്ചു. ഉത്തർപ്രദേശിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള പാർട്ടിയായി ബിഎസ്‌പി ഉയർന്നുവന്നിട്ടുണ്ടെന്നും അത് തുടരുമെന്നും അവർ ട്വീറ്ററിൽ കുറിച്ചു.
Also Read: കൊവിഡ് രോഗിയെ കൊലപ്പെടുത്തിയ ആശുപത്രി ജീവനക്കാരി പിടിയിൽ
ചൗധരി അസ്ലം അലി, മുജ്‌തബ സിദ്ദിഖി, ഹർഗോവിന്ദ് ഭാർഗവ്, അസ്ലം റെയ്‌നി, സുഷമ പട്ടേൽ എന്നിവർ എസ്‌പി നേതാവ് അഖിലേഷ് യാദവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന രീതിയിലായിരുന്നു വാർത്തകൾ പുറത്ത് വന്നിരുന്നത്. എന്നാൽ, താൻ ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ലെന്ന് ഹർഗോവിന്ദ് ഭാർഗവ് അറിയിച്ചു. അതേസമയം, അഖിലേഷ് യാദവുമായുണ്ടായിരുന്ന കൂടിക്കാഴ്‌ച ഇരുപത് മിനിട്ടോളം നീണ്ടുനിന്നതായും യുപി നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകളാണ് നടന്നതെന്നും എംഎൽഎ സുഷമ പട്ടേൽ പറഞ്ഞു. സമാജ്‌വാദി പാർട്ടിയിൽ ചേരാൻ തീരുമാനിച്ചതായും അവർ കൂട്ടിച്ചേർത്തു.