ന്യൂഡല്‍ഹി : ബിബിഎന്‍എല്ലിനെ ബിഎസ്എന്‍എല്ലുമായി ലയിപ്പിക്കാൻ പദ്ധതിയിടുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍. നഷ്‌ടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ടെലികോം ഗ്രൂപ്പുമായുള്ള ബിബിഎന്‍എല്ലിന്‍റെ ലയനം ഈ മാസം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓൾ ഇന്ത്യ ഗ്രാജുവേറ്റ് എൻജിനീയേഴ്‌സ് ആൻഡ് ടെലികോം ഓഫിസേഴ്‌സ് അസോസിയേഷൻ (എഐജിഇടിഒഎ) സംഘടിപ്പിച്ച പരിപാടിയിൽ ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ പികെ പർവാർ ആണ് ലയനവിവരം പുറത്തുവിട്ടത്.
നഷ്‌ടത്തില്‍ പ്രവര്‍ത്തിക്കുന്ന ടെലികോം സ്ഥാപനത്തിന് ഒരു വഴിത്തിരിവിനുള്ള അവസരം നൽകാനാണ് ലയനത്തിലൂടെ സര്‍ക്കാര്‍ ആലോചിക്കുന്നത്. ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിട്ടുണ്ടെന്ന് വ്യക്‌തമാക്കിയ അദ്ദേഹം, പാൻ-ഇന്ത്യ തലത്തിലുള്ള ബിബിഎൻഎല്ലിന്റെ എല്ലാ ജോലികളും ബിഎസ്‌എൻഎല്ലിലേക്ക് വരാൻ പോകുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
ബിഎസ്എന്‍എല്ലിന് ഇതിനകം 6.8 ലക്ഷം കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ (OFC) ശൃംഖലയാണുള്ളത്. ലയനത്തോടെ, യൂണിവേഴ്‌സല്‍ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് (യുഎസ്ഒഎഫ്) ഉപയോഗിച്ച് രാജ്യത്തെ 1.85 ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ സ്ഥാപിച്ചിട്ടുള്ള 5.67 ലക്ഷം കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ബിഎസ്എൻഎല്ലിന് ലഭിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
ടെലികോം വളർച്ചയുടെ അടുത്ത ഘട്ടം ഫൈബർ ടു ഹോം സേവനത്തിൽ നിന്നായിരിക്കും. വരും ദിവസങ്ങളിൽ ഒരു ലക്ഷം മൊബൈൽ ബേസ് സ്റ്റേഷനുകൾ, വരിക്കാർക്ക് ഫൈബർ അധിഷ്‌ഠിത ബ്രോഡ്‌ബാൻഡ് കണക്ഷനുകൾ വിതരണം ചെയ്യുന്നതിനുള്ള സാന്നിധ്യമായി മാറും.
ഈ അവസരം നഷ്‌ടപ്പെടുത്തിയാല്‍ ബദൽ മാര്‍ഗം ഉണ്ടാക്കാന്‍ വഴിയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. രാജ്യത്തെ പ്രധാന സാമ്പത്തിക ശക്‌തികളില്‍ ഒന്നായി മാറാന്‍ ബിഎസ്എന്‍എല്ലിന് അവസരം നൽകുകയാണ് സർക്കാർ ലക്ഷ്യം. ഓഗസ്റ്റ് 15-നകം പദ്ധതി പൂര്‍ത്തീകരിക്കാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.