ചണ്ഡീഗഢ് : പഞ്ചാബിലെ അമൃത്‌സറിലേക്ക് ഡ്രോണുകൾ ഉപയോഗിച്ച് ഹെറോയിൻ കടത്താൻ ശ്രമിച്ച പാക് കള്ളക്കടത്തുകാരുടെ ശ്രമങ്ങൾ പരാജയപ്പെടുത്തി അതിർത്തി രക്ഷാ സേന (ബിഎസ്എഫ്). അമൃത്‌സർ സെക്‌ടറിലെ രണ്ടിടങ്ങളിൽ നിന്ന് പാകിസ്ഥാൻ ഭാഗത്ത് നിന്ന് ഡ്രോണുകളിൽ അയച്ച 40 കോടി രൂപയുടെ ഹെറോയിനാണ് ബിഎസ്എഫ് കണ്ടെടുത്തത്. മയക്കുമരുന്ന് കൊണ്ടുവരാൻ ഡ്രോൺ ഉപയോഗിച്ച ഒരു ഇന്ത്യൻ കള്ളക്കടത്തുകാരനെയും ജവാൻമാർ പിടികൂടിയിട്ടുണ്ട്.
ബിഎസ്എഫ് പറയുന്നതനുസരിച്ച്, ബറ്റാലിയൻ 22 ലെ ജവാൻമാർ അട്ടാരി അതിർത്തിയോട് ചേർന്നുള്ള പുൽ മോറനിൽ പട്രോളിങ് നടത്തുന്നതിനിടെ രാവിലെ 9.35 ഓടെയാണ് ഡ്രോണിന്‍റെ ശബ്‌ദം കേട്ടത്. ഉടൻ ജവാന്മാർ വെടിയുതിർക്കുകയായിരുന്നു. മിനിറ്റുകൾക്കകം ഡ്രോണിന്‍റെ ശബ്‌ദം നിലച്ചു. തുടർന്ന്, ജവാൻമാർ സീൽ ചെയ്‌ത് തെരച്ചിൽ ആരംഭിച്ചു.
ഒരു DJI Matris RTK 300 ഡ്രോൺ പ്രദേശത്തെ വയലിൽ നിന്ന് കണ്ടെടുത്തു. എന്നാൽ, ഡ്രോണിൽ ഹെറോയിൻ ചരക്ക് ഘടിപ്പിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ തുടർന്ന് പരിസര പ്രദേശത്ത് നടത്തിയ തെരച്ചിലിൽ ഹെറോയിനുമായി രക്ഷപ്പെടാൻ ശ്രമിച്ചയാളെ ബിഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടി. 3.5 കിലോ ഹെറോയിനാണ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തത്. അമൃത്സർ സെക്‌ടറിൽ നിന്ന് മറ്റൊരു ചരക്ക് കണ്ടെടുത്തതായി ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
സമാന സംഭവം ഇതിന് മുൻപും : പഞ്ചാബിലെ അമൃത്സറിലെ രാജ്യാന്തര അതിർത്തിയിൽ മയക്കുമരുന്നുമായി എത്തിയ പാകിസ്ഥാൻ ഡ്രോൺ മെയ് 22ന് ബിഎസ്‌എഫ് വെടിവച്ചിട്ടിരുന്നു. പരിശോധനയ്ക്കിടെ ഹെറോയിൻ എന്ന് സംശയിക്കുന്ന രണ്ട് പാക്കറ്റുകൾ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. പഞ്ചാബിലെ അമൃത്സറിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപത്തേക്ക് മയക്കുമരുന്ന് കടത്തുകയായിരുന്നു ലക്ഷ്യമെന്ന് സുരക്ഷ സേന അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഏകദേശം 3.3 കിലോഗ്രാം ഹെറോയിനാണ് ഡ്രോണിൽ നിന്ന് ആർമി പിടിച്ചെടുത്തത്. പഞ്ചാബ് അതിർത്തിയിൽ നിന്ന് ഈ സംഭവത്തിന് ഏതാനും ദിവസങ്ങൾ മുൻപ് ഇത്തരത്തിൽ ഡ്രോൺ പിടികൂടിയിരുന്നു. അമൃത്സറിലെ ധരിവാള്‍ ഗ്രാമത്തില്‍ വച്ച് രാത്രി ഒന്‍പതു മണിയോടെയാണ് ബിഎസ്എഫ് ഡ്രോണ്‍ കണ്ടെത്തിയത്. ഡിജെഐ മാട്രൈസ് 300 ആര്‍ടികെ എന്ന ക്വാഡ്‌കോപ്റ്റർ ആയിരുന്നു ആദ്യം വെടിവച്ചിട്ടത്. ആകാശത്ത് ചലിക്കാതെ നിലയുറപ്പിക്കാനാവുന്ന ഡ്രോണുകളാണ് ക്വാഡ്‌കോപ്റ്ററുകള്‍. സാധാരണ ഡ്രോണുകളെക്കാള്‍ മികച്ച വിവര ശേഖരണങ്ങളും ഉപയോഗവും ക്വാഡ്‌കോപ്റ്ററുകള്‍ക്ക് സാധ്യമാകും.
രത്തന്‍ ഖുര്‍ദ് ഗ്രാമത്തില്‍ വച്ചാണ് അടുത്ത ഡ്രോണ്‍ സുരക്ഷ സേന കണ്ടെത്തിയത്. ഇതും ക്വാഡ്‌കോപ്റ്റര്‍ ഇനത്തിൽപ്പെട്ടതായിരുന്നു. ഇതും ബിഎസ്എഫ് വെടിവച്ചിട്ടതായി അറിയിച്ചു. രണ്ടാമത് കണ്ടെത്തിയ ഡ്രോണില്‍ ഹെറോയിനെന്ന് സംശയിക്കുന്ന പദാര്‍ഥം കണ്ടെത്തിയിരുന്നു. ഇതിന് രണ്ടരക്കിലോ തൂക്കമുണ്ടായിരുന്നു.
കൊച്ചിയിലെ ലഹരിവേട്ട : കൊച്ചിയിലെ പുറം കടലിൽ വച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ - നേവി സംയുക്ത സംഘം 25,000 കോടി വിലമതിക്കുന്ന ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയായിരുന്നു ഇത്. മൂവായിരത്തോളം കിലോ ലഹരിമരുന്നാണ് പിടികൂടിയത് എന്ന് എൻസിബി അറിയിച്ചു.
ഓപ്പറേഷൻ സമുദ്രഗുപ്‌ത എന്ന പേരിലായിരുന്നു പരിശോധന. അഫ്‌ഗാനിസ്ഥാനില്‍ നിന്ന് കടല്‍ മാര്‍ഗം കടത്തിയ ലഹരിമരുന്നാണ് പിടികൂടിയത്. 2500 കിലോ മെത്താംഫിറ്റമിന്‍, 500 കിലോ ഹെറോയിന്‍, 529 കിലോ ഹാശിഷ് ഓയില്‍ തുടങ്ങിയ ലഹരി പദാര്‍ഥങ്ങളാണ് പിടിച്ചെടുത്തത്. അതേസമയം ഇതുവരെ പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലിയ മെത്താംഫിറ്റമിന്‍ ശേഖരമാണിത്.
Also read : കൊച്ചിയില്‍ വൻ ലഹരിവേട്ട; 12,000 കോടിയുടെ ലഹരി വസ്‌തുക്കൾ പിടികൂടി, പാകിസ്ഥാൻ സ്വദേശി കസ്‌റ്റഡിയിൽ