ന്യൂഡൽഹി: ജമ്മു കശ്മീരിലെ സാംബ ജില്ലയുടെ അതിർത്തി പ്രദേശത്ത് പാകിസ്ഥാൻ ഡ്രോണുകളിലെത്തിച്ച ആയുധങ്ങൾ ബിഎസ്എഫ് കണ്ടെടുത്തു. എകെ 47 റൈഫിൾ, പിസ്റ്റൾ, വെടിമരുന്ന് എന്നിവയാണ് പ്രദേശത്ത് നിന്നും കണ്ടെടുത്തത്. ആയുധങ്ങളും വെടിമരുന്നും മഞ്ഞ നിറത്തിലുള്ള പോളിത്തീൻ കൊണ്ട് പൊതിഞ്ഞ് നിലത്ത് ഇട്ടിരുന്നതായാണ് കണ്ടെത്തിയത്. പരിശോധനയിൽ ഒരു എകെ 47 റൈഫിൾ, ഒമ്പത് എംഎം പിസ്റ്റൾ, ഒരു പിസ്റ്റൾ മാഗസിൻ, 15 ബുള്ളറ്റ് റൗണ്ടുകൾ, ഡ്രോണിൽ ഘടിപ്പിക്കാൻ ഉപയോഗിച്ച തടി ഫ്രെയിം എന്നിവയാണ് ലഭിച്ചത്. ആയുധങ്ങൾ ഉപേക്ഷിച്ചതിന് ശേഷം ഡ്രോൺ പാകിസ്ഥാൻ പ്രദേശത്തേക്ക് തിരികെ പറന്നതായാണ് സംശയിക്കുന്നത്.
Also read: ചണ്ഡിഗഡിൽ പൊലീസുമായി ഏറ്റുമുട്ടലിൽ: ഒരു നക്സൽ കൊല്ലപ്പെട്ടു
സമാന രീതിയിൽ ആയുധങ്ങൾ സാംബ, കതുവ, ജമ്മു ജില്ലകളിൽ പാകിസ്ഥാൻ ഡ്രോൺ ഉപേക്ഷിച്ച് മടങ്ങിയത് നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബർ 21 ന് ഗുരുദാസ്പൂർ ജില്ലയിൽ വയലിൽ നിന്ന് പാകിസ്ഥാൻ ഡ്രോൺ ഉപയോഗിച്ച് ഇറക്കിയതായി സംശയിക്കുന്ന 11 ഹാൻഡ് ഗ്രനേഡുകൾ പഞ്ചാബ് പൊലീസ് പിടിച്ചെടുത്തിരുന്നു.