ജമ്മു: സാംബ ജില്ലയിലെ രാംഗഡ് സെക്‌ടർ രാജ്യാന്തര അതിർത്തിയിൽ പാകിസ്ഥാൻ റേഞ്ചേഴ്‌സ് നടത്തിയ വെടിവയ്പ്പിൽ പരിക്കേറ്റ അതിർത്തി രക്ഷ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥൻ മരിച്ചു. ഇന്ന് പുലർച്ചയോടെയായിരുന്നു കശ്‌മീർ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ റേഞ്ചേഴ്‌സിന്‍റെ വെടിവയ്പ്പുണ്ടായത് (BSF jawan killed in Pakistani Rangers).
ജില്ലയിലെ ബോർഡർ ഔട്ട്‌പോസ്‌റ്റുകൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ റേഞ്ചേഴ്‌സ് ജമ്മു അന്താരാഷ്‌ട്ര അതിർത്തിയിൽ 24 ദിവസത്തിനിടെ നടത്തുന്ന മൂന്നാമത്തെ വെടിനിർത്തൽ ലംഘനമാണിത്. അതേസമയം അതിർത്തിയിൽ നിയോഗിച്ചിരുന്ന ബിഎസ്എഫ് ജവാൻമാരിൽ ഒരാൾക്ക് വെടിവെപ്പിൽ പരിക്കേറ്റതായും പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിൽ പരിക്കേറ്റവരെ ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായും പരിക്കേറ്റ ജവാൻ വ്യാഴാഴ്‌ച മരണത്തിന് കീഴടങ്ങിയതായും പിടിഐ റിപ്പോർട്ട് ചെയ്‌തു. അതേസമയം ഇന്നലെയും ഇന്ന് രാത്രിയിലും രാംഗഢ് പ്രദേശത്ത് പാകിസ്ഥാൻ റേഞ്ചേഴ്‌സ് പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിയിരുന്നതായി ബിഎസ്എഫ് അറിയിച്ചു.
പാകിസ്ഥാൻ വെടിവയ്‌പ്പിൽ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റതായും പുലർച്ചെ ഒരു മണിയോടെ ചികിത്സയ്ക്കായി കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്‌തതായും രാംഗഢ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍റർ ബ്ലോക്ക് മെഡിക്കൽ ഓഫിസർ (ബിഎംഒ) ഡോ. ലഖ്വീന്ദർ സിംങ് പറഞ്ഞു.
ഇന്ന് പുലർച്ചെ 12.20 ഓടെയാണ് വെടിവയ്പ്പ് ആരംഭിച്ചതെന്നും പിന്നീട് അത് വലിയ ഷെല്ലാക്രമണത്തിലേക്ക് നീങ്ങുകയായിരുന്നുവെന്നും ജെർഡയിലെ പ്രദേശവാസിയായ മോഹൻ സിംഗ് ഭട്ടി പറഞ്ഞു. വെടിവയ്പ്പും ഷെല്ലാക്രമണവും കാരണം അന്താരാഷ്‌ട്ര അതിർത്തിയിൽ ഭീതിപരത്തിയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരരരുടെ വെടിയേറ്റ് അതിഥി തൊഴിലാളി മരിച്ചു: അജ്ഞാത ഭീകരവാദികളുടെ വെടിയേറ്റ് അതിഥി തൊഴിലാളി മരിച്ചു. കഴിഞ്ഞ മാസം ഉത്തർ പ്രദേശ് സ്വദേശിയായ മുകേഷ് എന്നയാളാണ് ഭീകരരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അതേസമയം ജമ്മു കശ്‌മീരിന്‍റെ വേനല്‍ക്കാല തലസ്ഥാന ശ്രീനഗറില്‍ കഴിഞ്ഞദിവസം അജ്ഞാത ഭീകരരുടെ വെടിയേറ്റ് ജമ്മു കശ്‌മീര്‍ പൊലീസിലെ ഇന്‍സ്‌പെക്‌ടര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുല്‍വാമ ജില്ലയിലുണ്ടായ വെടിവെപ്പ് .
മുകേഷിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത് പുല്‍വാമയിലെ നൗപോറയിലുള്ള തുംചി മേഖലയില്‍ വച്ചാണ്. വെടിയേറ്റ ശേഷം ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുമ്പോളായിരുന്നു മരണം സംഭവിച്ചതെന്ന് പൊലീസ് വക്താവ് എക്‌സില്‍ കുറിച്ചിരുന്നു.
പ്രദേശം പൊലീസ് നിരീക്ഷണത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ശ്രീനഗറിലുളള ഈദ്‌ഗാഹ് മേഖലയിൽ കഴിഞ്ഞദിവസം മസ്‌റൂർ അഹമ്മദ് എന്ന ജമ്മു കശ്‌മീര്‍ പൊലീസിലെ ഇന്‍സ്‌പെക്‌ടര്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലെ ഈദ്‌ഗാഹിന് സമീപം വച്ച് ഇൻസ്‌പെക്‌ടർ മസ്‌റൂർ അഹമ്മദിന് നേരെ ഭീകരര്‍ വെടിവെച്ചത്. ഇതിനെ തുടർന്ന് അദ്ദേഹത്തിന് പരിക്കേറ്റിരുന്നു.