ശ്രീ നഗർ: ജമ്മു കശ്മീരിലെ ആർനിയ സെക്ടറിൽ പാകിസ്ഥാന്‍റെ ഡ്രോണുകൾ ഉപയോഗിച്ചുള്ള നുഴഞ്ഞുകയറ്റത്തെ ബിഎസ്‌എഫ് സൈനികർ പരാജയപ്പെടുത്തി. ഇന്ന് പുലർച്ചെ അന്താരാഷ്‌ട്ര അതിർത്തി മേഖലയിൽ പാകിസ്ഥാന്‍റെ ഡ്രോണുകൾ കണ്ടെത്തുകയും ബിഎസ്എഫ് സൈനികർ വെടിവയ്ക്കുകയുമായിരുന്നു. പിന്നാലെ ഡ്രോണുകൾ പാകിസ്ഥാനിലേക്ക് തിരിച്ചുപറന്നതായും അധികൃതർ അറിയിച്ചു.
ഇന്ത്യയിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്താൻ പാകിസ്ഥാൻ ഡ്രോൺ ഉപയോഗിക്കുന്നതിനെ കുറിച്ച് ബിഎസ്‌എഫ് രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതനുസരിച്ച് ജാഗ്രത പാലിക്കുകയും അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാനും ഇന്ത്യയും തമ്മിൽ വെടിനിർത്തൽ കരാർ നിലവിലുണ്ടായിട്ടും ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഡ്രോൺ ഉപയോഗിച്ചും നുഴഞ്ഞുകയറ്റത്തിലൂടെയും വെടിവെയ്പ്പ് നടത്തിയും പാകിസ്ഥാൻ അന്താരാഷ്‌ട്ര അതിർത്തിയിൽ ലംഘനം നടത്തുന്നുണ്ടെങ്കിലും ശക്തമായി ചെറുക്കുകയാണെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.