ഗുവഹത്തി: മതിയായ രേഖകളില്ലാതെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടക്കാൻ ശ്രമിച്ച 10 ബംഗ്ലാദേശികളെ അതിർത്തി സുരക്ഷ സേന പിടികൂടി. അഞ്ച് കുട്ടികളും നാല് സ്‌ത്രീകളുമടങ്ങുന്ന സംഘത്തെയാണ് ബിഎസ്എഫ് പിടികൂടിയത്. ഇന്ത്യ-ബംഗ്ലാദേശ്, ഇന്ത്യ-പാകിസ്ഥാൻ അതിർത്തികൾ വഴിയുള്ള നിയമവിരുദ്ധ നുഴഞ്ഞുകയറ്റം, മയക്കുമരുന്ന്, ആയുധങ്ങൾ, കന്നുകാലികൾ, വ്യാജ ഇന്ത്യൻ കറൻസി നോട്ട് എന്നിവയുടെ ഒഴുക്ക്, മനുഷ്യക്കടത്ത് എന്നിവ തടയുന്നതിന് നിയമിച്ചിട്ടുള്ള ഗുവഹത്തി അതിർത്തിയിലെ 192 ബറ്റാലിയനിലെ ജവാന്മാരാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ പിടികൂടിയത്.
ഗുവഹത്തി അതിർത്തിക്ക് കീഴിലുള്ള സത്ബന്ധാരി ബോർഡർ ഔട്ട്പോസ്റ്റിൽ 25 കിലോ കഞ്ചാവ് ബംഗ്ലാദേശിലേക്ക് കടത്താനുള്ള ശ്രമം ബിഎസ്എഫ് പരാജയപ്പെടുത്തിയതിന് തൊട്ടടുത്ത ദിവസമാണ് നുഴഞ്ഞുകയറ്റ ശ്രമം പിടികൂടുന്നത്. കൊവിഡ് കാലത്ത് രാജ്യാന്തര അതിർത്തി വഴി ബംഗ്ലാദേശിലേക്ക് നിയമവിരുദ്ധ വസ്തുക്കൾ കടത്താൻ സാധ്യതയുള്ളതിനാൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കാൻ ബിഎസ്എഫ് എല്ലാ പട്രോളിങ് സേനകൾക്കും ബോർഡർ ഔട്ട്പോസ്റ്റുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
4096 കിലോമീറ്ററാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ അതിർത്തി പങ്കിടുന്നത്. ലോകത്തിലെ അഞ്ചാമത്തെ വലിയ കരയതിർത്തി ആണിത്.
Also Read: പാസഞ്ചർ കോച്ച് ഉത്പാദനം 46 ശതമാനം കുറയ്ക്കുമെന്ന് റെയിൽവേ