ഹൈദരാബാദ്: തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബിആര്‍എസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖരറാവു ആശുപത്രിയില്‍. വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടുപ്പെല്ലിന് പൊട്ടലുണ്ടെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. (BRS president KCR hospitalised)
ഇന്ന് (08.12.23) പുലര്‍ച്ചെയാണ് കെസിആറിനെ നഗരത്തിലെ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 69കാരനായ റാവുവിന് ശസ്ത്രക്രിയ വേണ്ടി വന്നേക്കുമെന്നും ആശുപത്രി അധികൃതർ സൂചിപ്പിച്ചു. പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമാകും ശസ്ത്രക്രിയയെ കുറിച്ച് തീരുമാനമെടുക്കുക. റാവുവിന്‍റെ ശാരീരിക സ്ഥിതി സംബന്ധിച്ച് പിന്നീട് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിടുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. (kcr may needs a surgery)
നവംബര്‍ മുപ്പതിന് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായതോടെ കെസിആര്‍ തന്‍റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവന്‍ ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് നഗരത്തിന് പുറത്തുള്ള എരവല്ലിയിലെ ഫാം ഹൗസിലായിരുന്നു താമസം. അവിടെ വച്ചാണ് അദ്ദേഹത്തിന് അപകടമുണ്ടായത്.
മൂന്നാം മുഖ്യമന്ത്രിപദം ലക്ഷ്യമിട്ട് ഇത്തവണ കളത്തിലിറങ്ങിയ ബിആര്‍എസിന് പക്ഷേ സംസ്ഥാനത്ത് പച്ചതൊടാനായില്ല. കോണ്‍ഗ്രസിന്‍റെ തേരോട്ടത്തില്‍ ബിആര്‍എസിന് അടിപതറുകയായിരുന്നു. വന്‍ഭൂരിപക്ഷത്തില്‍ അധികാരം സ്വന്തമാക്കിയ കോണ്‍ഗ്രസ് ഇന്നലെ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന എ രേവന്ത് റെഡ്ഡിയാണ് സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞയും ആദ്യ നിയമസഭ സമ്മേളനവും ഇന്ന് നടക്കും.
2014ല്‍ സംസ്ഥാന രൂപീകരണ ശേഷം തുടര്‍ച്ചയായി രണ്ട് തവണ മുഖ്യമന്ത്രിപദം അലങ്കരിച്ച കെഎസിആറിന് ഇക്കുറി തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ഉണ്ടായത്. 119 അംഗ നിയമസഭയില്‍ 39 സീറ്റുകള്‍ മാത്രമാണ് ബിആര്‍എസിന് നേടാനായത്. കോണ്‍ഗ്രസ് 64 സീറ്റുകള്‍ നേടി വ്യക്തമായ ഭൂരിപക്ഷം കരസ്ഥമാക്കി. ബിജെപി എട്ട് സീറ്റുകളും എംഐഎം 7 സീറ്റുകളും സിപിഐ ഒരു സീറ്റും നേടി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗ്രാമീണ മേഖലകളില്‍ നില മെച്ചപ്പെടുത്താനായപ്പോള്‍ ബിആര്‍എസിന് ഹൈദരാബാദിലും പരിസരപ്രദേശങ്ങളിലും മികച്ച പ്രകടനം നടത്താനായി.
കെസിആറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം തന്നെ വിഷമിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോഡി എക്സില്‍ കുറിച്ചു. അദ്ദേഹം വളരെ വേഗം സുഖം പ്രാപിക്കട്ടെയെന്നും മോഡി ആശംസിച്ചു.
ബിആര്‍എസ് നേതാവും മകളുമായ കവിതയാണ് കെസിആര്‍ ആശുപത്രിയിലാണെന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. അദ്ദേഹത്തിന് ചെറിയ പരിക്കേറ്റതായും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ട്വീറ്റില്‍ പറയുന്നു. എല്ലാവരുടെയും സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും അവര്‍ നന്ദിയും അറിയിച്ചു.