ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി കെ കവിത. ബിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെസിആറിന്‍റെ മകളുമായ കവിതയെ ഒമ്പത് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇഡി ചോദ്യം ചെയ്യുന്നത്. നേരത്തെ രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കവിതയ്‌ക്ക് നോട്ടിസ് നല്‍കിയിരുന്നെങ്കിലും ജന്തര്‍ മന്ദറിലെ നിരാഹാര സമരവും സുപ്രീം കോടതിയിലെ കേസിന്‍റെ വാദവും ചൂണ്ടിക്കാട്ടി ഹാജരാകാന്‍ കഴിയില്ലെന്ന് കവിത അറിയിക്കുകയായിരുന്നു.
ഡല്‍ഹി ഭരണ കക്ഷിയായ ആം ആദ്‌മി പാര്‍ട്ടി നേതാക്കള്‍ക്ക് നൂറ് കോടിയില്‍ അധികം കൈക്കൂലി നല്‍കിയ സൗത്ത് ഗ്രൂപ്പ് മദ്യ വില്‍പന സംഘവുമായി കവിതയ്‌ക്ക് ബന്ധമുണ്ടെന്നാണ് ഇഡി ആരോപണം. സൗത്ത് ഗ്രൂപ്പിന്‍റെ ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെ ബിആർഎസ് എംഎൽസിയുടെ ബിനാമിയായി കേന്ദ്ര ഏജൻസി വിശേഷിപ്പിച്ചിട്ടുണ്ട്. കവിതയ്ക്ക് ഇഡി നോട്ടിസ് അയച്ചതിന് ഒരു ദിവസം മുമ്പാണ് പിള്ളയെ അറസ്റ്റ് ചെയ്‌തത്.
കെസിആറിന്‍റെ ഡല്‍ഹിയിലെ വസതിയിലെത്തിയ കവിത അവിടെ നിന്നാണ് ഇഡി ഓഫിസിലേക്ക് പോയത്. കേന്ദ്രം ഭരിക്കുന്ന ബിജെപി തങ്ങളുടെ ഇംഗിതത്തിന് അനുസരിച്ച് കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് മദ്യനയ കേസില്‍ തുടരെയുള്ള നടപടി. മദ്യനയ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം ഒഴിഞ്ഞിരുന്നു.
ബിജെപിക്കെതിരെ കെസിആറും ബിആര്‍എസും: കേസില്‍ കവിതയുടെ പങ്ക് ബിജെപി കെട്ടി ചമച്ചതാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെസിആര്‍ പ്രതികരിച്ചിരുന്നു. സംഭവത്തില്‍ ബിജെപിയോട് പൊരുതുമെന്നും കെസിആര്‍ വ്യക്തമാക്കി. അന്വേഷണ ഏജന്‍സി ബിജെപിയുമായി കൈകോര്‍ത്തിരിക്കുകയാണ് എന്നാണ് കവിതയുടെ ആദ്യത്തെ ചോദ്യം ചെയ്യലിന് ശേഷം ബിആര്‍എസ് പ്രതികരിച്ചത്. തെലങ്കാന ഭവന് മുന്നില്‍ ബിആര്‍എസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു.
കവിതയ്‌ക്ക് പുറമെ അരബിന്ദോ ഗ്രൂപ്പ് പ്രമോട്ടര്‍ ശരത് റെഡി, എംപി മഗുന്ത ശ്രീനിവാസലു റെഡി, മകന്‍ രാഷവ് മഗുന്ത എന്നിവരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇഡി ഉന്നയിക്കുന്ന അവകാശവാദം. കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കവിതയുടെ മുന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ബുച്ചിബാബു ഗോരന്ത്‌ലയെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്‌തിരുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊത്ത, ചില്ലറ ലൈസന്‍സികള്‍ക്കും ഉടമകള്‍ക്കും സാമ്പത്തിക നേട്ടം ഉണ്ടാക്കാനായി തട്ടിപ്പ് നടത്തി എന്നായിരുന്നു ഇയാള്‍ക്ക് നേരെയുണ്ടായ ആരോപണം.
ഡല്‍ഹി മദ്യനയ കേസ്: രാജ്യത്ത് തന്നെ ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു ഡല്‍ഹി മദ്യനയ കേസ്. 2021-22 കാലഘട്ടത്തില്‍ നിയോഗിച്ച പ്രത്യേക കമ്മിറ്റി ചില്ലറ മദ്യ വില്‍പനയില്‍ അതുവരെ ഉണ്ടായിരുന്ന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി. സ്വകാര്യ മേഖലയിലെ വില്‍പനയ്‌ക്ക് ഊന്നല്‍ നല്‍കിയാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയത് എന്നായിരുന്നു വിമര്‍ശനം. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞതോടെ നിരവധി പേര്‍ അനധികൃതമായി ലൈസന്‍സുകളും ആനുകൂല്യങ്ങളും നേടി. പുതിയ പരിഷ്‌കാരം നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതോടെ അത് നിര്‍ത്തലാക്കി. പിന്നീട് പഴയ നിയന്ത്രണങ്ങള്‍ തന്നെ തുടരുകയായിരുന്നു.