അല്‍വാര്‍ (രാജസ്ഥാന്‍): ആവശ്യപ്പെട്ട സ്‌ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് വധുക്കളെ കൂട്ടാതെ മടങ്ങി വരന്മാര്‍. രാജസ്ഥാനിലെ അല്‍വാറിലാണ് പറഞ്ഞുറപ്പിച്ച സ്‌ത്രീധനത്തുകയില്‍ കൂടുതല്‍ നല്‍കിയില്ലെന്നറിയിച്ച് സഹോദരങ്ങള്‍ കൂടിയായ വരന്മാര്‍ സഹോദരിമാരായ വധുക്കളെ കൂട്ടാതെ വിവാഹ ഘോഷയാത്രയുമായി മടങ്ങിയത്. ഇത് ഏറെ സങ്കടപ്പെടുത്തിയെന്നും സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വധുക്കളുടെ പിതാവ് അറിയിച്ചു.
സംഭവം ഇങ്ങനെ: ഇക്കഴിഞ്ഞ മെയ് 21ന് അല്‍വാറിലെ ഗോവിന്ദ്ഗഡ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള തിക്രി ഗ്രാമത്തിലാണ് സംഭവം. തിക്രി നിവാസിയായ ഫജ്രു ഖാന്‍റെ പെണ്‍മക്കളും ഗോപാൽഗഡിലെ ഛപ്ര പൊലീസ് സ്‌റ്റേഷൻ പരിധിയില്‍ താമസിക്കുന്ന മുബീന്‍റെ മക്കളായ നസീർ ഖാനും സയിദ് ഖാനും തമ്മിലായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹ നിശ്ചയസമയത്ത് പറഞ്ഞുറപ്പിച്ചതിന്‍റെ ഭാഗമായി രണ്ട് ലക്ഷം രൂപ ഫജ്രു ഖാന്‍ വരന്മാരുടെ മാതാപിതാക്കള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇതുകൂടാതെ മറ്റ് ഡിമാന്‍ഡുകളില്ലെന്നായിരുന്നു ആ സമയത്ത് വരന്മാരും ബന്ധുക്കളും അറിയിച്ചിരുന്നത്.
വിവാഹച്ചടങ്ങിനെത്തി പണം ആവശ്യപ്പെട്ട് വരന്മാര്‍: എന്നാല്‍ വിവാഹ ദിനത്തില്‍ ഘോഷയാത്രയുമായെത്തിയ വരന്‍റെ സംഘം വിവാഹച്ചടങ്ങുകള്‍ തീര്‍ത്ത് ഭക്ഷണം കഴിച്ചയുടന്‍ പണമായി മൂന്ന് ലക്ഷം രൂപയും ബുള്ളറ്റ് മോട്ടോർസൈക്കിളും അധികമായി ആവശ്യപ്പെടുകയായിരുന്നു. ഇതേച്ചൊല്ലി ഇരുകൂട്ടരും ബഹളമുണ്ടായതോടെ നാട്ടുപ്രമാണികള്‍ ചേര്‍ന്ന് പ്രശ്‌നപരിഹാരത്തിനും ശ്രമിച്ചു. എന്നാല്‍ മൂന്ന് ലക്ഷം രൂപയും ബുള്ളറ്റ് മോട്ടോര്‍സൈക്കിളും നല്‍കാതെ മറ്റൊരു പ്രതിവിധിയും നടപ്പാകില്ലെന്ന് വരന്മാരും ബന്ധുക്കളും വ്യക്തമാക്കി. ഇതിന് പിന്നാലെ വരന്മാരും ബന്ധുക്കളും നവവധുക്കളെ കൂട്ടാതെ തിരികെ പോവുകയായിരുന്നു.
പൊലീസില്‍ പരാതി നല്‍കി പിതാവ്: സംഭവത്തില്‍ യുവതികളുടെ പിതാവ് ഫജ്രി ഖാന്‍ ഉടന്‍ തന്നെ ഗോവിന്ദ്ഗഡ് പൊലീസിലെത്തി പരാതി നല്‍കി. പരാതിയിന്മേല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത പൊലീസ് ഉടന്‍ തന്നെ അന്വേഷണവും ആരംഭിച്ചു. സംഭവത്തില്‍ വധു വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് ആനന്ദ് ശർമ അറിയിച്ചു. വരന്മാരുടെയും വീട്ടുകാരെയും മൊഴി രേഖപ്പെടുത്തുന്നതിനായി ഇവരെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഎംഡബ്ല്യു കാര്‍ നല്‍കിയില്ല, വധുവിനെ ഉപേക്ഷിച്ച വരന്‍: അടുത്തിടെ ഹരിയാനയിലെ ഫരീദബാദില്‍ പറഞ്ഞുറപ്പിച്ച സ്‌ത്രീധന തുകയ്‌ക്ക് പുറമെ ഭാര്യാവീട്ടുകാര്‍ ആഢംബര കാര്‍ നല്‍കിയില്ലെന്ന് ആരോപിച്ച് നവവധുവിനെ വരന്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞിരുന്നു. വിവാഹത്തിന് മുമ്പ് നല്‍കാമെന്ന് ഇരുവീട്ടുകാരും തമ്മില്‍ പറഞ്ഞുറപ്പിച്ച സ്‌ത്രീധനത്തുകയ്‌ക്ക് പുറമെ ആഢംബര കാറായ ബിഎംഡബ്ല്യു നല്‍കിയില്ലെന്നാരോപിച്ചാണ് ഡോക്‌ടറായ വരന്‍ ഭാര്യയെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. സംഭവത്തില്‍ വധുവിന്‍റെ ബന്ധുക്കള്‍ പൊലീസിനെ സമീപിച്ച് പരാതി നല്‍കിയതോടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 323, 120ബി, 377, 379എ, 498എ, 406, 506, 511 എന്നീ വകുപ്പുകള്‍ പ്രകാരം വരനും മാതാപിതാക്കള്‍ക്കുമെതിരെ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്‌തിരുന്നു.
അതേസമയം താന്‍ ഇട്ടിരിക്കുന്ന പാന്‍റില്‍ അസ്വസ്ഥനാണെന്നും മാറ്റിവരാമെന്നും വധുവിനോട് അറിയിച്ച ശേഷമാണ് വരന്‍ ടോയ്‌ലറ്റിലേക്ക് പോകുന്നത്. ഈ സമയം വരന്‍റെ അമ്മയെത്തി യുവതിയില്‍ നിന്നും ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാഗും വാങ്ങി നടന്നുനീങ്ങി. എന്നാല്‍ സമയം കഴിഞ്ഞിട്ടും യുവതി വിമാനത്തില്‍ കയറിയിട്ടില്ലെന്ന് എയർലൈനിൽ നിന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് വധുവിന്‍റെ പിതാവും ബന്ധുക്കളും സ്ഥലത്തെത്തിയതോടെയാണ് വരന്‍ മുങ്ങിയ വിവരം അറിയുന്നത്.