വഡോദര : സഹോദരിയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്. ഖതംബവ പ്രദേശത്ത് കൃഷ്‌ണ ദർശൻ വില്ലയിൽ താമസിക്കുന്ന ബെൻ എബ്രഹാം മലൈക്(24) എന്ന യുവാവാണ് സഹോദരിയെ ക്രൂരമായി ആക്രമിച്ചത്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളിന്‍മേലുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രകോപനം ഒന്നും കൂടാതെയാണ് 21കാരിയെ ഇയാള്‍ നിഷ്ഠൂരമായി തുടര്‍ച്ചയായി കുത്തിയത്.
ജൂണ്‍ 18നായിരുന്നു നടുക്കുന്ന സംഭവം. വീടിന് പുറത്തിരിക്കുന്ന യുവാവിന്‍റെ അരികിലേക്ക് വന്ന് സഹോദരി സംസാരിക്കുകയും, പൊടുന്നനെ രോഷാകുലനായ യുവാവ് പെണ്‍കുട്ടിയെ കുത്തുകയുമായിരുന്നു. ആക്രമണം കണ്ട് ചുറ്റുമുള്ളവർ ശബ്‌ദം ഉണ്ടാക്കുന്നതും, സംഭവം കണ്ട് പുറത്തേക്കിറങ്ങിയ രണ്ടാനമ്മയെ ഇയാൾ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.
പിന്നാലെ അയൽവാസികൾ സ്ഥലത്തെത്തി പെണ്‍കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടി അപകട നില തരണം ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ യുവാവിനെതിരെ അമ്മ, വാരണാമ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ വാരണാമ പൊലീസ് ഐപിസി 323, 326 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.