ബാരാബങ്കി (ഉത്തര്‍ പ്രദേശ്): തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ഒന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ സ്വയം തൂങ്ങിമരിക്കുമെന്നറിയിച്ച് റസ്‌ലിങ് ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. ബരാബങ്കിയിൽ നടന്ന ഒരു പൊതു പരിപാടിയെ അഭിസംബോധന ചെയ്യവെയായിരുന്നു ബ്രിജ് ഭൂഷന്‍റെ പ്രതികരണം. അതേസമയം ബ്രിജ് ഭൂഷണ്‍ സിങിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാളുകള്‍ ഏറെയായി തുടരുന്ന പ്രതിഷേധങ്ങള്‍ക്ക് അനുകൂല പ്രതികരണങ്ങള്‍ ലഭിക്കാതെ വന്നതോടെ ഗുസ്‌തി താരങ്ങള്‍ രാജ്യം സമ്മാനിച്ച മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ കഴിഞ്ഞദിവസം ഹരിദ്വാറില്‍ ഒത്തുകൂടിയിരുന്നു.
പരിഹാസം തുടര്‍ന്ന് ബ്രിജ് ഭൂഷണ്‍: തനിക്കെതിരെയുള്ള പ്രതിഷേധ സൂചകമായി ഗുസ്‌തി താരങ്ങള്‍ മെഡലുകള്‍ ഗംഗയിലൊഴുക്കുമെന്ന പ്രഖ്യാപനത്തെയും ബ്രിജ് ഭൂഷണ്‍ പരിഹസിച്ചു. എന്നെ തൂക്കിലേറ്റണമെന്ന് നാല് മാസമായി അവർ ആഗ്രഹിക്കുന്നു. സർക്കാർ എന്നെ തൂക്കിലേറ്റുന്നില്ല, അതിനാലാണ് അവർ മെഡലുകൾ ഗംഗയിൽ മുക്കുമെന്ന ഭീഷണിയുമായി ചൊവ്വാഴ്‌ച ഹരിദ്വാറിൽ ഒത്തുകൂടിയത്. ഇതുകൊണ്ട് അവർ ആഗ്രഹിക്കുന്ന ശിക്ഷ എനിക്ക് ലഭിക്കില്ല. അതെല്ലാം വൈകാരിക നാടകം മാത്രമാണ് എന്ന് ബ്രിജ് ഭൂഷണ്‍ സിങ് പറഞ്ഞു.
നിങ്ങളുടെ പക്കല്‍ എന്തെങ്കിലും തെളിവുണ്ടെങ്കിൽ അത് കോടതിയിൽ ഹാജരാക്കൂവെന്നും ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹി പൊലീസ് വിഷയം അന്വേഷിക്കുകയാണെന്നും ഗുസ്‌തി താരങ്ങള്‍ പറയുന്നത് പോലെ ആരോപണങ്ങളിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ എന്നെ അറസ്‌റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെളിവില്ലെന്ന് പൊലീസും: ഗുസ്‌തി താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ റസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ സിങിനെ അറസ്‌റ്റ് ചെയ്യാൻ സഹായിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞദിവസം ഡല്‍ഹി പൊലീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു. 15 ദിവസത്തിനകം തങ്ങൾ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും, ഇത് കുറ്റപത്രത്തിന്‍റെ രൂപത്തിലോ അന്തിമ റിപ്പോർട്ടിന്‍റെ രൂപത്തിലോ ആകാമെന്നും പൊലീസ് അറിയിച്ചിരുന്നു. പ്രതി സാക്ഷികളെ സ്വാധീനിക്കുകയോ തെളിവുകള്‍ നശിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.
മെഡലുകള്‍ ഒഴുക്കാനെത്തി താരങ്ങള്‍: കഴിഞ്ഞദിവസം ഒളിമ്പ്യന്മാരായ ബജ്‌റങ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നീ ഗുസ്‌തി താരങ്ങള്‍ മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ എത്തിയതോടെ ഹരിദ്വാറില്‍ വൈകാരിക നിമിഷങ്ങള്‍ അരങ്ങേറിയിരുന്നു. ചൊവ്വാഴ്‌ച വൈകുന്നേരം ആറുമണിയോടെയാണ് താരങ്ങള്‍ മെഡലുകള്‍ ഗംഗയിലൊഴുക്കുന്നതിനായി ഹർ കി പൗരിയിൽ എത്തിയത്. മെഡലുകള്‍ ഒഴുക്കി കളയാനെത്തിയ താരങ്ങള്‍ കരഞ്ഞുകൊണ്ടായിരുന്നു പ്രതികരിച്ചിരുന്നത്. ഇവരെ വന്‍ ജനാവലിയും അനുഗമിച്ചിരുന്നു. എന്നാല്‍ ഈ സമയം കര്‍ഷക നേതാക്കള്‍ ഇടപെട്ട് മെഡലുകള്‍ ഒഴുക്കുന്നതില്‍ നിന്ന് താരങ്ങളെ പിന്തിരിപ്പിച്ചു. തുടര്‍ന്ന് കര്‍ഷക നേതാക്കള്‍ തന്നെ ഇവരില്‍ നിന്നും മെഡലുകള്‍ സ്വീകരിച്ച് താരങ്ങളെ ആശ്വസിപ്പിക്കുകയും വിഷയത്തില്‍ പരിഹാരം കണ്ടെത്തുന്നതിന് അഞ്ച് ദിവസത്തെ സമയവും നരേഷ് ടികൈതിന്‍റെ നേതൃത്വത്തിലുള്ള കര്‍ഷക നേതാക്കള്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കര്‍ഷക നേതാക്കള്‍ മുന്നോട്ടുവച്ച നിര്‍ദേശം സ്വീകരിച്ച് താരങ്ങള്‍ ഹരിദ്വാറില്‍ നിന്നും മടങ്ങുകയായിരുന്നു.
Also read: ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ, രാജ്യവ്യാപക പ്രക്ഷോഭമെന്ന് യുവജന സംഘടന