ഭാഗല്‍പൂര്‍ (ബിഹാര്‍): ഇരു കുടുംബങ്ങള്‍ തമ്മില്‍ ബന്ധം പടുത്തുയര്‍ത്തുന്നതിനേക്കാള്‍ ഉപരി ഇരു മനസുകള്‍ തമ്മിലുള്ള കൂടിച്ചേരലാണ് വിവാഹം. അതുകൊണ്ടുതന്നെ വിവാഹ കാര്യങ്ങളില്‍ അന്തിമവും പൂര്‍ണവുമായ തീരുമാനങ്ങളെടുക്കേണ്ടത് വധൂവരന്മാര്‍ തന്നെയാണ്. ഈ തീരുമാനമെടുക്കല്‍ ആദ്യമായി കാണുന്നത് മുതല്‍ വിവാഹ തീയതി വരെയോ, വിവാഹച്ചടങ്ങുകള്‍ ആരംഭിക്കുന്നത് മുതല്‍ തുടര്‍ന്ന് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഇത്തരത്തില്‍ സ്വവിവാഹത്തില്‍ ഏറ്റവുമൊടുവില്‍ തന്‍റെ തീരുമാനമറിയിച്ച് പിന്‍വാങ്ങിയിരിക്കുകയാണ് ഒരു യുവതി.
നിറവും പ്രായവും തടസമായി : ഭാഗൽപൂരിലെ എക്‌ചാരിയിലെ റാസൽപൂർ ഗ്രാമത്തിലാണ് വരന് നിറം കുറവാണെന്നും തന്നേക്കാള്‍ പ്രായമുണ്ടെന്നും അറിയിച്ച് വധു വിവാഹം വേണ്ടെന്നുവച്ചത്.പ്രദേശത്തെ ആചാരാനുഷ്‌ഠാനങ്ങള്‍ പ്രകാരം തിങ്കളാഴ്‌ച രാത്രിയോടെ വരന്‍റെ സംഘം വിവാഹമണ്ഡപത്തിലെത്തിയിരുന്നു. വിവാഹത്തിന്‍റെ ചടങ്ങുകളിലൊന്നായ ഐന്‍ ജയ്‌മാലയുടെ സമയത്താണ് വധു നവവരനെ വ്യക്തമായി കാണുന്നത്. ഇതോടെ വരന് നിറം കുറവാണെന്നും പ്രായം ഏറെയുണ്ടെന്നുമറിയിച്ച് വധു വിവാഹവേദിയില്‍ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു.
സമവായ ശ്രമങ്ങള്‍ വിലപ്പോയില്ല : ഇതോടെ ബന്ധുക്കളും വിവാഹത്തിന് ഒരുമിച്ച് കൂടിയവരും ഒരുപോലെ അന്ധാളിച്ചു. ഇതിനിടെ വരന്‍റെ മാതാപിതാക്കളും ബന്ധുക്കളും പെണ്‍കുട്ടിയെ സമാധാനിപ്പിക്കാനും രംഗം ശാന്തമാക്കാനും നേരിട്ടിറങ്ങി. മാത്രമല്ല വധുവിന്‍റെ വീട്ടുകാര്‍ പെണ്‍കുട്ടിയോട് കേണപേക്ഷിച്ചുവെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ഇതോടെ ഘോഷയാത്രയായെത്തിയ വരന്‍റെ സംഘം സങ്കടത്തോടെ മടങ്ങുകയായിരുന്നു.
വിവാഹത്തിന് മുമ്പേ വേര്‍പിരിയല്‍ : ഏക മകളുടെ വിവാഹം കെങ്കേമമായി നടത്തണമെന്ന ഉദ്ദേശത്തോടെ വധുവിന്‍റെ പിതാവ് വിവാഹമണ്ഡപത്തിനും കാറ്ററിങ് സര്‍വീസിനുമെല്ലാം വലിയ രീതിയില്‍ പണം ചെലവിട്ടിരുന്നു. ഇതിന്‍റെ ഭാഗമായി വീടും വിവാഹമണ്ഡപവുമെല്ലാം ഗംഭീരമായി അലങ്കരിക്കുകയും ചെയ്‌തു. വിവാഹദിവസം ആഭരണങ്ങളെല്ലാം അണിഞ്ഞ് വധുവിനൊപ്പം ഇവരെല്ലാം തന്നെ വിവാഹവേദിയിലുമെത്തി. ഒടുക്കം വരനെ നേരില്‍ കണ്ടതോടെ വധു വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഇതോടെ ആറ് മാസത്തോളമായി ഇരുഭാഗവും തകൃതിയായി നടത്തിയ വിവാഹ ഒരുക്കങ്ങള്‍ വെറുതെയായി.
പ്രതികരിച്ച് ബന്ധുക്കള്‍ : എല്ലാ ഒരുക്കങ്ങളും നടത്തി. എന്നാല്‍ ജയ്‌മാലയുടെ സമയത്ത് പെൺകുട്ടി വിസമ്മതിച്ചു. വരന്‍ സിന്ദൂരം ചാർത്തുകയോ കഴുത്തിൽ താലി ചാർത്തുകയോ ചെയ്തിട്ടില്ലെന്നും തന്‍റെ മകൾ എന്തുകൊണ്ട് ഇത് ചെയ്‌തുവെന്ന് വ്യക്തമായി അറിയില്ലെന്നും വധുവിന്‍റെ പിതാവ് പ്രതികരിച്ചു.
പെൺകുട്ടി വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന്‍റെ കാരണം ഞങ്ങൾക്കറിയില്ലെന്നും അത് അന്വേഷിക്കുകയാണെന്നും വരന്‍റെ പിതാവും പറഞ്ഞു. എന്നാല്‍ വധുവിന് ഇഷ്‌ടമല്ല എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ ഇരു വീട്ടുകാരുടെയും സമ്മതത്തോടെ പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ പൊലീസ് സ്‌റ്റേഷനിൽ കേസോ പരാതിയോ നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.