ഫിറോസാബാദ് (ഉത്തർപ്രദേശ്): വിവാഹ ചടങ്ങുകൾക്കായി വധുവിനെ വേദിയിലേക്ക് കൈ പിടിച്ചു വലിച്ച് കയറ്റുകയായിരുന്നു വരൻ. എന്നാൽ വരന്‍റെ അപ്രതീക്ഷിതമായ വലിയിൽ കാൽതെറ്റി വധുവൊന്ന് താഴെ വീണു. പിന്നാലെ വൻ കലഹം. ഒടുവിൽ കല്യാണം പോലും വേണ്ടന്ന് വച്ച് വധുവും കൂട്ടരും മടങ്ങി. ഉത്തർ പ്രദേശിലെ ഫിറോസാബാദിലെ ഖൈർഗഡ് ഗ്രാമത്തിലാണ് ഈ വിചിത്രമായ കല്യാണം മുടങ്ങൽ സംഭവിച്ചത്.
ഖൈർഗഡിലെ രസൈനി ഗ്രാമത്തിലെ ആദേശിന്‍റെയും ജജുമൈ ഗ്രാമത്തിലെ ജസ്രാന ഏരിയയിലെ മനോജ് കുമാരിയുടെയും വിവാഹമാണ് ചെറിയ ഒരു കയ്യബദ്ധത്തിന്‍റെ പുറത്ത് മുടങ്ങിയത്. വിവാഹ ചടങ്ങുകൾക്കായി ഇവർ ഒരു ഗസ്റ്റ് ഹൗസ് ബുക്ക് ചെയ്‌തിരുന്നു. വ്യാഴാഴ്‌ച രാത്രിയാണ് ചടങ്ങുകൾക്കായി ഇവർ ഗസ്റ്റ് ഹൗസിലെത്തിയത്. തുടർന്ന് അത്താഴം കഴിഞ്ഞ് അതിഥികൾ മാലയിടൽ ചടങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
ഇതിനായി വരൻ ആദേശ് നേരത്തെ തന്നെ വേദിയിലേക്ക് കയറി. പിന്നാലെ സുഹൃത്തുക്കൾ വധുവിനെ ആനയിച്ച് വേദിയിലേക്ക് കൊണ്ടുവന്നു. ഇതിനിടെ വേദിയിലേക്കുള്ള പടികൾ കയറുന്നതിനിടെ മനോജ് കുമാരിയെ സ്റ്റേജിലേക്ക് ആദേശ് വലിച്ച് കയറ്റാൻ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായി കയ്യിൽ പിടിച്ച് വലിച്ചതോടെ മനോജ് കുമാരി സ്റ്റേജിലേക്ക് വീണു.
ഇതിൽ പ്രകോപിതയായ മനോജ് കുമാരി വിവാഹം വേണ്ടെന്ന് അപ്പോൾ തന്നെ തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് വരന്‍റെ പെരുമാറ്റത്തിൽ വധുവിന്‍റെ വീട്ടുകാർ അതൃപ്‌തി പ്രകടിപ്പിക്കുകയും ഇരുകൂട്ടരും തമ്മിൽ വഴക്കിടുകയും ചെയ്‌തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഷിക്കോഹാബാജ് പൊലീസാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
പിന്നാലെ ഇരു വീട്ടുകാരും ചേർന്ന് മനോജ് കുമാരിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിവാഹം വേണ്ട എന്ന ഉറച്ച തീരുമാനത്തിൽ നിന്ന് പിന്മാറാൻ അവർ തയ്യാറായില്ല. അതേസമയം ഇരുഭാഗത്തും ധാരണയിലെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കാര്യങ്ങൾ ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ നടപടിയെടുക്കുമെന്നും സ്റ്റേഷൻ ഇൻചാർജ് ഹർവേന്ദ്ര മിശ്ര പറഞ്ഞു.