മുംബൈ: വ്യത്യസ്‌ത മതങ്ങളിൽ പെട്ടവർ തമ്മിലുള്ള വിവാഹം എല്ലായ്‌പ്പോഴും കുടുംബങ്ങളിലും സമൂഹങ്ങളിലും വിവാദ വിഷയമാണ്. എന്നാൽ കോലാപൂരിലെ മുജവാർ, യാദവ് കുടുംബങ്ങൾ ജാതിയുടെയും മതത്തിന്‍റെയും മതിലുകൾ തകർത്ത് അവരുടെ മക്കളുടെ വിവാഹം ആഘോഷിച്ചു.
മുജാവർ, യാദവ് കുടുംബങ്ങൾ വർഷങ്ങളായി സുഹൃത്തുക്കളാണ്. ഈ കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദ ബന്ധത്തിലൂടെ വധു മാർഷാ നദീം മുജാവർ, വരൻ സത്യജിത് സഞ്ജയ് യാദവ് എന്നിവരുടെ 10 വർഷത്തെ സുഹൃത്ത്ബന്ധം പ്രണയമായി മാറുകയായിരുന്നു. മതപരമായ വ്യത്യാസം തങ്ങളുടെ ബന്ധത്തിൽ പ്രശ്‌നങ്ങൾ വരുത്തുമെന്ന് അവർ കരുതിയെങ്കിലും മാതാപിതാക്കൾ അവരുടെ ബന്ധത്തിന് പൂർണസമ്മതം മൂളുകയായിരുന്നു.
മുസ്‌ലീമായ വരനും ഹിന്ദുവായ വധുവും തമ്മിലുള്ള വിവാഹം രാജർഷി ഷാഹു മഹാരാജിന്‍റെ ആശയങ്ങൾ പിന്തുടർന്ന് ഒരേ മണ്ഡപത്തിൽ ഹിന്ദു-മുസ്‌ലിം ആചാരങ്ങൾക്കൊപ്പം ആഘോഷിച്ചു. ആദ്യം മൗലാനയുടെ സാന്നിധ്യത്തിൽ വിവാഹ ചടങ്ങുകൾ നടത്തുകയും അതിനുശേഷം ഹിന്ദു ശൈലിയിൽ ചടങ്ങുകൾ നടത്തുകയും ചെയ്തു. വിവാഹ ചടങ്ങിൽ പങ്കെടുത്ത അതിഥികൾക്ക് ഒരേ സമയം രണ്ട് തരത്തിലുള്ള വിവാഹങ്ങൾക്ക് സാക്ഷ്യം വഹിക്കാനും കഴിഞ്ഞു.