ചെന്നൈ: സർക്കാർ സ്‌കൂളുകളിലെ ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ളാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമിട്ട് തമിഴ്‌നാട് സർക്കാർ. വിദ്യാർഥികളുമായി സംവദിക്കുന്നതിനിടയിൽ പലരും പ്രഭാത ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അറിഞ്ഞശേഷം സ്‌കൂൾ വിദ്യാർഥികൾക്കുള്ള ബോധവൽക്കരണ പരിപാടിയിലാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പദ്ധതി പ്രഖ്യാപനം നടത്തിയത്.
ഡിഎംകെ സർക്കാർ വിദ്യാർഥികൾക്കുള്ള ഭക്ഷണ പദ്ധതിയുടെ നിലവാരം കൂടുതൽ ഉയർത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിദ്യാർഥികളുടെ സമഗ്രമായ വികസനത്തിന് മാനസികവും ശാരീരികവുമായ ക്ഷമതയുടെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർഥികളില്‍ ആത്മവിശ്വാസത്തിന്‍റെ അനിവാര്യതയെ കുറിച്ചും ബോധവൽക്കരണ പരിപാടിയിൽ സ്റ്റാലിൻ സംസാരിച്ചു.
അശോക് നഗറിലെ ഗവൺമെന്‍റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ബോധവൽക്കരണ പരിപാടിക്ക് അധ്യക്ഷത വഹിച്ചതിന് ശേഷം പരിപാടിയുടെ ഭാഗമായ വാഹനങ്ങൾ സ്റ്റാലിൻ ഫ്‌ളാഗ് ഓഫ് ചെയ്‌തു.