അമരാവതി: ഹോട്ടലില്‍ കയറി ഒരു നേരത്തെ ഭക്ഷണം കഴിക്കണമെങ്കില്‍ എത്ര രൂപയാകും. എന്തായാലും 10 രൂപയ്ക്ക് ഒരു നേരത്തെ ഭക്ഷണം എവിടെയും കിട്ടില്ല. അതും ഗുണം ചോരാതെ, രുചിയോടെ...
എന്നാല്‍ അങ്ങനെയൊരു ഹോട്ടലുണ്ട് തെലങ്കാനയിലെ കർണൂലില്‍. പേര്.. രേണുകദേവി ടിഫിൻ സെന്‍റർ. പത്ത് വർഷം മുൻപാണ് നാഗേശ്വര റെഡ്ഡി എന്നയാൾ കർണൂലിലെ റോജ സ്ട്രീറ്റിൽ ഹോട്ടല്‍ തുടങ്ങുന്നത്. മസാലദോശ, പൂരി, ഇഡ്ഡലി, മൈസൂർ ബജ്ജി, വട എന്നിവയെല്ലാം രേണുകദേവി ടിഫിൻ സെന്‍ററിൽ കിട്ടും. അതും വെറും 10 രൂപക്ക്.
പ്രദേശത്തെ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സ്വാദിഷ്‌ടമായ ഭക്ഷണം കുറഞ്ഞ നിരക്കില്‍ നൽകണമെന്ന ചിന്തയായിരുന്നു ഇതിനു പിന്നിൽ. വർഷം കഴിയുന്തോറും സാധനങ്ങളുടെ വില രണ്ടും മൂന്നും ഇരട്ടിയായി വർധിച്ചിട്ടും നാഗേശ്വര റെഡ്ഡി ഹോട്ടല്‍ ഭക്ഷണത്തിന്‍റെ വില കൂട്ടിയില്ല.
അതിനാൽ തന്നെ വലിയ ജനക്കൂട്ടമാണ് രേണുകദേവി ടിഫിൻ സെന്‍ററിലേക്ക് എത്തുന്നത്. രുചിയുടേയും വിലയുടേയും കാര്യത്തിൽ ഇവിടെ വരുന്നവരും സന്തോഷവാന്മാരാണ്.
എട്ട് പേരാണ് സ്വാദിഷ്‌ടമായ ഭക്ഷണം നൽകാൻ ജീവനക്കാരായി രേണുകദേവി ഹോട്ടലിൽ ഉള്ളത്. എട്ട് പേരും അവരുടെ തൊഴിലിൽ സംതൃപ്‌തരാണെന്ന് ഹോട്ടലുടമ നാഗേശ്വര റെഡ്ഡി പറയുന്നു.