ഹൈദരാബാദ് : കരാറിലെ ക്രമക്കേട് ആരോപിച്ച് ഭാരത് ബയോടെക്കുമായി ഉണ്ടാക്കിയ 20 ദശലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍റെ ഇറക്കുമതി താത്കാലികമായി നിർത്തിവച്ച് ബ്രസീൽ സർക്കാർ.
മുൻകൂർ പണം ഒന്നും ലഭിച്ചിട്ടില്ലെന്ന് ഭാരത് ബയോടെക്ക് അധികൃതർ പറഞ്ഞിരുന്നു. മറ്റ് രാജ്യങ്ങളിൽ നടത്തുന്നത് പോലെയുള്ള സമാനമായ നടപടികളാണ് ബ്രസീലിലും വാക്‌സിന്‍റെ അംഗീകാരത്തിനും വിതരണത്തിനുമായി നടത്തി വന്നിരുന്നതെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.
അന്വേഷണം നടത്തി തീരുമാനം
കംപ്ട്രോളർ ജനറൽ ഓഫ് യൂണിയന്‍റെ (സിജിയു) ശുപാർശയെ തുടർന്നാണ് ബ്രസീൽ ആരോഗ്യ മന്ത്രാലയം ബയോടെക്കിൽ നിന്നും വാക്‌സിൻ വാങ്ങുന്നത് നിർത്തിവച്ചിരിക്കുന്നത്. നടപടി ബ്രസീലിലെ വാക്‌സിനേഷന്‍റെ വേഗത കുറയ്ക്കില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
ഭാരത് ബയോടെക്കുമായി ഉണ്ടാക്കിയ കരാർ മിനിസ്ട്രി ഓഫ് ഹെൽത്ത് ഇന്‍റഗ്രിറ്റി ഡയറക്‌ടറേറ്റ് വിലയിരുത്തിയിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. പ്രെസിസ മെഡിസെന്‍റോസാണ് ബ്രസീലിലെ ഭാരത് ബയോടെക്കിന്‍റെ പങ്കാളി.
ബ്രസീലിൽ കൊവാക്‌സിന്‍റെ റെഗുലേറ്ററി സബ്‌മിഷനുകൾ, ലൈസൻസിങ്, വിതരണം, ഇൻഷുറൻസ്, മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ നടത്തിപ്പ് എന്നിവയ്ക്കുള്ള സഹായവും മാർഗനിർദേശവും പിന്തുണയും നൽകുന്നത് മെഡിസെന്‍റോസാണ്.
Also Read: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി കേന്ദ്രം
സസ്‌പെൻഷൻ ഒരു പ്രതിരോധ നടപടി മാത്രമാണെന്നാണ് സിജിയു വക്താവ് വാഗ്നർ റോസ്‌റിയോ വിശദീകരിച്ചത്. കഴിഞ്ഞ ആഴ്‌ച തന്നെ തങ്ങൾ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും കരാറുമായി ബന്ധപ്പെട്ട പരിശോധന പൂർത്തീകരിക്കുന്നതുവരെയാണ് സസ്പെൻഷനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തടയുന്നത് രണ്ടാം തവണ
ഫെബ്രുവരി 26നായിരുന്നു ഭാരത് ബയോടെക്ക് ബ്രസീൽ സർക്കാരുമായി 20 ദശലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ വിതരണ കരാറിൽ ഏർപ്പെട്ട വിവരം പ്രഖ്യാപിച്ചത്. നേരത്തെ ബ്രസീലിലെ ദേശീയ ആരോഗ്യ നിരീക്ഷണ ഏജൻസി ഭാരത് ബയോടെക്കിന്‍റെ നിർമാണ ശാലകളിലെ ഉത്പാദന സാമഗ്രികളുടെ ഗുണമേന്മക്കുറവ് ചൂണ്ടിക്കാട്ടി കൊവാക്‌സിൻ ഇറക്കുമതി തടഞ്ഞിരുന്നു.
തുടർന്ന് ചില നിബന്ധനകളുടെ അടിസ്ഥാനത്തിൽ ജൂൺ അഞ്ചിനാണ് വീണ്ടും കൊവാക്‌സിൻ ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയത്. ഇന്ത്യക്ക് പുറത്തുള്ള സർക്കാരുകൾക്ക് വിതരണം ചെയ്യുമ്പോൾ കൊവാക്‌സിൻ ഡോസൊന്നിന് വില 15 മുതൽ 20 യുഎസ് ഡോളർ വരെയാണ്.
ബ്രസീലിൽ ഇത് 15 യുഎസ് ഡോളറായാണ് നിശ്ചയിച്ചിരുന്നത്. ഈ നിരക്കിൽ കൊവാക്‌സിൻ ഇറക്കുമതി ചെയ്യാനായി പല രാജ്യങ്ങളിൽ നിന്നും മുൻകൂർ പണം ലഭിച്ചിട്ടുണ്ടെന്നും ചിലയിടങ്ങളിൽ അംഗീകാരം കാത്തിരിക്കുകയാണെന്നും ബയോടെക്ക് അറിയിച്ചു.
വാക്‌സിനുകൾ വിതരണം ചെയ്യുന്ന എല്ലാ രാജ്യങ്ങളിലും കമ്പനി സമാനമായ പങ്കാളിത്ത മാതൃകയാണ് പിന്തുടരുന്നത്. ഭാരത് ബയോടെക്കും പ്രെസിസ മെഡിസെന്‍റോസും ചേർന്ന് ബ്രസീലിൽ 5000 പേരിലാണ് മൂന്നാം ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നത്.
വാക്‌സിൻ ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസിലെ നിയമനടപടികള്‍ ആൽബർട്ട് ഐൻസ്റ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുമെന്ന് ഭാരത് ബയോടെക്ക് വ്യക്തമാക്കിയിട്ടുണ്ട്.