എറണാകുളം: കേരളം, തമിഴ്‌നാട്, കർണാടക എന്നി സംസ്ഥാനങ്ങളിലെ 15 ദേശീയ പാതകളിൽ 19 ഇലക്‌ട്രോണിക് വെഹിക്കിൾ (EV) അതിവേഗ ചാർജിങ് കോറിഡോറുകൾ ആരംഭിക്കാൻ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ). കേരളത്തിൽ മൂന്ന് ഇടനാഴികളിലായി 19 ചാർജിങ് സ്റ്റേഷനുകളാണ് തുറക്കുക. കർണാടകയിൽ ആറ് ഇടനാഴികളിലായി 33, തമിഴ്‌നാട്ടിൽ 10 ഇടനാഴികളിലായി 58 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും ബിപിസിഎൽ ആരംഭിക്കും.
ആകെ അയ്യായിരം കിലോമീറ്ററിന് ഇടയിൽ 110 വൈദ്യുത ചാർജിങ് സ്റ്റേഷനുകളാണ് തുടങ്ങുക. എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് കേരളത്തിലെ ഒന്നാമത്തെ വൈദ്യുത ഇടനാഴി. കോഴിക്കോട്-വയനാട്, എറണാകുളം-തൃശൂർ-പാലക്കാട് എന്നിങ്ങനെയാണ് മറ്റ് രണ്ടെണ്ണം.
ഇതോടെ ഇടനാഴികളിൽ ഏകദേശം ഓരോ 100 കിലോമീറ്ററിലും ഒരു ഇവി ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ വാഹന ഉപഭോക്‌താക്കൾക്ക് കണ്ടെത്താനാകുമെന്നും ബിപിസിഎൽ അറിയിച്ചു. പ്രധാന തീർത്ഥാടന, വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ഇടനാഴികൾ തയ്യാറാക്കിയിരിക്കുന്നത്.
കേരളത്തിൽ ഗുരുവായൂർ, കാടാമ്പുഴ ക്ഷേത്രങ്ങളെയും, വല്ലാർപാടം ബസലിക്ക, കൊരട്ടി സെന്‍റ് ആന്‍റണീസ് ചർച്ച്, മർക്കസ് നോളജ് സിറ്റി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളെ ഇടനാഴിയുമായി ബന്ധിപ്പിക്കും. ആന്ധ്രാപ്രദേശിലെ തിരുപ്പതി, കർണാടകയിലെ ബന്ദിപ്പൂർ നാഷണൽ പാർക്ക്, കന്യാകുമാരി, മധുരയിലെ മീനാക്ഷി അമ്മൻ ക്ഷേത്രം എന്നിവയിൽ ഇതിൽ ഉൾപ്പെടുന്നു.
ചാർജ് ചെയ്യാൻ 30 മിനിട്ട്: 125 കിലോമീറ്റർ വരെ ഡ്രൈവിങ് റേഞ്ച് കിട്ടാൻ അര മണിക്കൂർ ചാർജ് ചെയ്‌താൽ മതിയെന്ന് കമ്പനിയുടെ ദക്ഷിണേന്ത്യയിലെ റീട്ടെയിൽ മേധാവി പുഷ്‌പ കുമാർ നായർ അറിയിച്ചു. അതിനാൽ നൂറ് കിലോമീറ്റർ ഇടവിട്ടാകും വൈദ്യുത ചാർജിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഫാസ്റ്റ് ചാർജറുകൾ ഉപയോഗിക്കാൻ എളുപ്പമാണെന്നും ആവശ്യമെങ്കിൽ സപ്പോർട്ട് സ്റ്റാഫുകൾ ലഭ്യമാണെങ്കിലും മാനുവൽ സഹായമില്ലാതെ സ്വയം പ്രവർത്തിപ്പിക്കാനാകുമെന്നും കമ്പനി അറിയിച്ചു. ഉപഭോക്‌താക്കളുടെ തടസരഹിതവും സുതാര്യവുമായ അനുഭവത്തിനായി ‘ഹലോബിപിസിഎൽ’ എന്ന ആപ്പും കമ്പനി സജ്ജീകരിച്ചിട്ടുണ്ട്.
ഇതിലൂടെ ഇവി ചാർജർ ലൊക്കേറ്റർ, ചാർജർ പ്രവർത്തനങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ മനസിലാക്കാൻ സാധിക്കും. ഈ മാസം അവസാനത്തോടെ 200 ഹൈവേകൾ അതിവേഗ വാഹന ചാർജിങ് സൗകര്യമുള്ളവയാക്കി മാറ്റുമെന്നും ബിപിസിഎൽ വ്യക്‌തമാക്കി. ചാർജിങ് സ്റ്റേഷനുകൾ കൂടുന്നതോടെ രാജ്യത്ത് വൈദ്യുത വാഹന വളർച്ച കൂടുമെന്നാണ് ബിപിസിഎല്ലിന്‍റെ വിലയിരുത്തൽ.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ എണ്ണ വിപണന കമ്പനിയും ഇന്ത്യയിലെ പ്രധാന സംയോജിത ഊർജ്ജ കമ്പനികളിൽ ഒന്നുമാണ് ഭാരത് പെട്രോളിയം. കൊച്ചിയിലും മുംബൈയിലുമായി രണ്ട് വലിയ റിഫൈനറികൾ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് പ്രവർത്തിപ്പിക്കുന്നുണ്ട്.
20,000-ലധികം ഊർജ സ്റ്റേഷനുകൾ, 6,200-ലധികം എൽപിജി വിതരണക്കാർ, 733 ലൂബ്രിക്കന്‍റ് ഡിസ്ട്രിബ്യൂട്ടർഷിപ്പുകൾ, 123 പിഒഎൽ (പെട്രോളിയം, ഓയിൽ, ലൂബ്രിക്കന്‍റ്) സ്റ്റോറേജ് ലൊക്കേഷനുകൾ, 54 എൽപിജി ബോട്ടിലിങ് പ്ലാന്‍റുകൾ, 60 ക്രോസ് കോ സർവീസ് സ്റ്റേഷനുകൾ, 4 ക്രോസ്-കൺട്രി പൈപ്പ് ലൈനുകൾ എന്നിവയും ബിപിസിഎല്ലിന്‍റെ ശൃംഖലയിൽ ഉൾപ്പെടുന്നുണ്ട്.