വിജയപുര (കർണാടക): കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല. സമ്പന്ന കുടുംബത്തിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലായതിനെത്തുടർന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കൾ ബിരുദ വിദ്യാർഥിയെ കൊലപ്പെടുത്തി. വിജയപുര ജില്ലയിലെ ഘോഷനാഗി സ്വദേശിയായ മല്ലികാർജുന ഭീമണ്ണ ജമഖണ്ഡിയെയാണ് കൊല്ലപ്പെട്ടത്.
യുവാവിന്‍റെ മൃതദേഹം അഴുകിയ നിലയിൽ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദുരഭിമാനക്കൊലയുടെ ചുരുളഴിഞ്ഞത്. സംഭവത്തിൽ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. അതേസമയം പെണ്‍കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
പെണ്‍കുട്ടിയേയും ഇവർ കൊലപ്പെടുത്തിയിരിക്കാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ ബാഗൽകോട്ട് ജില്ലയിലെ ഹദരിഹാല ഗ്രാമത്തിന് സമീപം കൃഷ്‌ണ നദിയുടെ തീരത്ത് നിന്ന് ഒക്‌ടോബർ 10നാണ് മല്ലികാർജുനയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകി തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു മൃതദേഹം. യുവാവിന്‍റെ ടീ ഷർട്ട് കണ്ടാണ് മാതാപിതാക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്.
രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ മല്ലികാർജുന, ഗ്രാമത്തിലെ തന്നെ 12-ാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഈ വിവരം പെണ്‍കുട്ടിയുടെ വീട്ടുകാർ അറിയുകയും ബന്ധത്തിൽ നിന്ന് വിലക്കുകയും ചെയ്‌തിരുന്നു. പെണ്‍കുട്ടിയെ ഇനി ശല്യപ്പെടുത്തരുതെന്ന് യുവാവിന് മുന്നറിയിപ്പും നൽകി. തുടർന്ന് മല്ലികാർജുനയെ മറ്റൊരു കോളജിലേക്ക് മാതാപിതാക്കൾ മാറ്റിയിരുന്നു.
എന്നാൽ വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് ഇരുവരും ബന്ധം തുടർന്നു. ഇതിനിടെ സെപ്‌റ്റംബർ 23ന് ഇരുവരെയും കാണാതാകുകയായിരുന്നു. ഇവർ ഒളിച്ചോടിയെന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. പിന്നാലെ മല്ലികാർജുനയുടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മല്ലികാർജുനയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.