പട്‌ന : ക്യാമ്പസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് വിലക്കി ബിഹാറിലെ സാകിയ അഫാക്ക് ഇസ്‌ലാമിയ പിജി കോളജ് (ZA Islamic College) നോട്ടിസ് പുറപ്പെടുവിച്ചു. ഉത്തരവ് ലംഘിച്ചാല്‍ വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും കോളജ് അധികൃതര്‍. നോട്ടിസ് പുറപ്പെടുവിച്ചതോടെ പഠന കാര്യങ്ങളില്‍ പോലും വിദ്യാര്‍ഥികള്‍ക്ക് എതിര്‍ ലിംഗത്തില്‍പ്പെട്ട സഹപാഠികളുമായി ഇടപഴകാന്‍ കഴിയാതായി (Boys And Girls Don't Sit Together).
മാനേജ്‌മെന്‍റ് പുറപ്പെടുവിച്ച നോട്ടിസ് കോളജില്‍ വിവാദത്തിന് തിരികൊളുത്തി. ക്യാമ്പസില്‍ ആണ്‍-പെണ്‍ വിദ്യാര്‍ഥികള്‍ ഒരുമിച്ച് ഇരുന്ന് സംസാരിക്കുന്നതോ തമാശ പറയുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിറ്റിങ് സെഷന്‍ 29,30 വകുപ്പുകള്‍ ചൂണ്ടിക്കാട്ടി കോളജ് അധികൃതര്‍ നോട്ടിസില്‍ വ്യക്തമാക്കി. ഇതൊരു ന്യൂനപക്ഷ കോളജാണെന്നും ഇവിടെ അധികാരം മാനേജ്‌മെന്‍റിന് മാത്രമാണെന്നും നോട്ടിസില്‍ പറയുന്നുണ്ട്.
വിഷയം വിവാദമായതോടെ വിശദീകരണവുമായി പ്രിന്‍സിപ്പാള്‍ ഇദ്‌രീസ് ആലം രംഗത്തെത്തി. ക്യാമ്പസിന് അകത്ത് അടുത്തിടെയായി പുറത്ത് നിന്നുള്ളവരുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. അത് കോളജ് ക്യാമ്പസിലെ പരിസ്ഥിതി നശീകരണം അടക്കമുള്ളവയ്‌ക്ക് കാരണമായിട്ടുണ്ട്. അത്തരം സംഭവങ്ങള്‍ക്ക് തടയിടാനാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഇതിലൂടെ വിദ്യാര്‍ഥികളെ ഭയപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്‌എന്‍ കോളജിന്‍റെ പേരില്‍ പ്രചരിച്ച സര്‍ക്കുലര്‍ : അടുത്തിടെയാണ് കൊല്ലത്തെ എസ്‌എന്‍ കോളജിന്‍റെ പേരില്‍ ഇത്തരത്തിലൊരു നോട്ടിസ് പ്രചരിച്ചത്. കോളജില്‍ നിന്നും വിനോദ യാത്രയ്‌ക്ക് പോകുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചുള്ള വ്യവസ്ഥകള്‍ എന്ന പേരിലാണ് നോട്ടിസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ആണ്‍-പെണ്‍ വിദ്യാര്‍ഥികള്‍ ഒന്നിച്ചിരിക്കാന്‍ പാടില്ലെന്നായിരുന്നു നോട്ടിസിലുള്ളത്. എന്നാല്‍ നോട്ടിസ് പ്രചരിച്ചതോടെ വിവിധയിടങ്ങളില്‍ നിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു.
മാത്രമല്ല എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ കോളജില്‍ പ്രതിഷേധവുമുണ്ടായി. കോളജിലെ ആസാദി കോര്‍ണറില്‍ ആണ്‍ പെണ്‍ വിദ്യാര്‍ഥികള്‍ ഒന്നിച്ചിരുന്ന് പാട്ട് പാടിയാണ് പ്രതിഷേധം നടത്തിയത്. സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ലിംഗ സമത്വത്തിന്‍റെയും പ്രതിഷേധമാണിതെന്നാണ് വിദ്യാര്‍ഥികള്‍ പറഞ്ഞത്. അതേസമയം ഇത്തരത്തിലൊരു നോട്ടിസിനെയും അതിലെ വ്യവസ്ഥകളെയും കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നായിരുന്നു കോളജ് പ്രിന്‍സിപ്പാളിന്‍റെ മറുപടി.
പ്രചരിച്ച നോട്ടിസ് കോളജിന്‍റെ ലൈറ്റര്‍ പാഡിലല്ലെന്നും ഇത്തരം നോട്ടിസുകള്‍ കോളജ് തയ്യാറാക്കുന്നതാണെങ്കിലും അത് കോളജ് ലൈറ്റര്‍ പാഡില്‍ മാത്രമാകുമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. മാത്രമല്ല സര്‍ക്കുലറില്‍ പ്രിന്‍സിപ്പാളായ തന്‍റെ ഒപ്പും സീലും ഉണ്ടാകുമെന്നും എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്ന ഇതില്‍ അത്തരം സീലുകളൊന്നും ഇല്ലെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.