ആഗ്ര (ഉത്തര്‍ പ്രദേശ്): പ്രണയിനിയെ കാണുന്നതിനും ചാറ്റ് ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവിനെ കൊലപ്പെടുത്തി കാമുകന്‍. ആഗ്രയിലെ സിക്കന്ദ്ര പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ശാസ്‌ത്രിപുരത്തുള്ള ഭവ്‌ന അരോമയിൽ ചെരുപ്പ് വ്യാപാരിയുടെ ഭാര്യയായ അഞ്‌ജലി ബജാജ് (40) നെയാണ് മകളുടെ കാമുകന്‍ കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്‌ച ഉച്ച മുതല്‍ കാണാതായ അഞ്‌ജലിയെ യമുനാ നദിയുടെ തീരത്തുള്ള വൻഖണ്ഡി മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള വനപ്രദേശത്ത് വ്യാഴാഴ്‌ച വൈകുന്നേരമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
'പ്രണയം' തകര്‍ക്കാന്‍ ശ്രമിച്ചതിലുള്ള പക: ചെരുപ്പ് വ്യാപാരിയായ ഉദിത് ബജാജിന്‍റെയും അഞ്‌ജലി ബജാജിന്‍റെയും മകളും പ്രഖർ ഗുപ്ത എന്ന യുവാവും തമ്മില്‍ കുറച്ചുകാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തോട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എതിര്‍പ്പായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെക്കാള്‍ പ്രായക്കൂടുതലുണ്ട് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന യുവാവിനെന്ന് കാണിച്ച് ഇവര്‍ പലതവണ പെണ്‍കുട്ടിയെ പ്രഖര്‍ ഗുപ്‌തയില്‍ നിന്ന് അകറ്റുകയും ചെയ്‌തിരുന്നു. മാത്രമല്ല ഇവര്‍ തമ്മില്‍ കണ്ടുമുട്ടുന്നതൊഴിവാക്കാന്‍ പെണ്‍കുട്ടിയുടെ മാതാവ് അഞ്‌ജലി പരമാവധി ശ്രദ്ധിക്കുകയും ചെയ്‌തിരുന്നു. ഇതിന്‍റെ ഭാഗമായി പെണ്‍കുട്ടിക്ക് വരുന്ന കോളുകള്‍ തുടങ്ങി സമൂഹമാധ്യമ അക്കൗണ്ടുകള്‍ വരെ അഞ്‌ജലി നിരന്തരം പരിശോധിച്ചുവന്നു. ഇതുകാരണം പെണ്‍കുട്ടിയുമായി സംവദിക്കാന്‍ കഴിയാതെ വന്നതോടെ പ്രഖർ ഗുപ്ത ഏറെ അസ്വസ്ഥനുമായിരുന്നു.
വിളിച്ചുവരുത്തി കൊലപ്പെടുത്തി: അങ്ങനെയിരിക്കെയാണ് ബുധനാഴ്‌ച (07-06-2023) പകല്‍ വൻഖണ്ഡി മഹാദേവ ക്ഷേത്രത്തിലേക്ക് വരാന്‍ ആവശ്യപ്പെട്ടുകൊണ്ട് മകളുടെ ഫോണില്‍ നിന്ന് അഞ്‌ജലിക്ക് വാട്‌സ്‌ആപ്പ് സന്ദേശമെത്തുന്നത്. ഇതുകണ്ടതോടെ അഞ്‌ജലി ഭര്‍ത്താവ് ഉദിത് ബജാജിനെയും വിവരമറിയിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ക്ഷേത്രത്തിലെത്തി. ഈ സമയം ഗുരു പൂളിന് സമീപം എത്താനാവശ്യപ്പെട്ട് പിതാവിന്‍റെ ഫോണിലേക്ക് മകളുടെ മറ്റൊരു സന്ദേശമെത്തി. താന്‍ ഇവിടെ നില്‍ക്കുകയാണെന്നും വീട്ടില്‍ ചെന്നാക്കണമെന്നുമായിരുന്നു ഇതിലെ ആവശ്യം. ഇത് കണ്ടപാടെ ഉദിത് ബജാജ് ഭാര്യ അഞ്‌ജലിയോട് അല്‍പസമയം അവിടെ തന്നെ നില്‍ക്കാന്‍ ആവശ്യപ്പെട്ട് അവിടെ നിന്നും തിരിച്ചു. എന്നാല്‍ ഇയാള്‍ ഗുരു പൂളിനടുത്തെത്തിയപ്പോള്‍ മകള്‍ ഫോണില്‍ വിളിച്ച് താന്‍ വീട്ടിലെത്തിയതായി അറിയിച്ചു. ഇതോടെ ഉദിത് ബജാജ് ഭാര്യയെ കൂട്ടാന്‍ ക്ഷേത്രത്തിനടുത്തേക്ക് തന്നെ മടങ്ങി.
എന്നാല്‍ ഇവിടെയെത്തിയപ്പോള്‍ അഞ്‌ജലിയെ കണ്ടില്ല. ഇതോടെ ഇയാള്‍ ഭാര്യയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയും ഇവര്‍ക്കായി തെരച്ചില്‍ ആരംഭിക്കുകയും ചെയ്‌തു. എന്നാല്‍ ഇതെല്ലാം വിഫലമായി. ഒടുക്കം രാത്രിയോടെ ഉദിത് ബജാജ് ഭാര്യയെ കാണ്മാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതിയുമായി ചെന്നു. ഈ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് അഞ്‌ജലിയെ വൻഖണ്ഡി മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള വനപ്രദേശത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കൊലയാളി ഇവരുടെ കഴുത്തിലും വയറ്റിലും മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് കുത്തിപരിക്കേല്‍പ്പിച്ചതായും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകളുടെ കാമുകനാകാം കൊലപാതകം നടത്തിയതെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. അതേസമയം പെണ്‍കുട്ടിയുടെ കാമുകന്‍ പ്രഖർ ഗുപ്ത സംഭവത്തിന് പിന്നാലെ ഒളിവിലാണ്. ഇയാളെ പിടികൂടുന്നതിനായി പൊലീസ് ആറ് സംഘത്തെ നിയോഗിച്ചിട്ടുമുണ്ട്. മാത്രമല്ല മാതാവിന്‍റെ കൊലപാതകത്തില്‍ പ്രായപൂർത്തിയാകാത്ത മകളും സംശയത്തിന്‍റെ നിഴലിലാണ്.
Also Read: "അച്ഛാ ഞാൻ നിങ്ങളുടെ മകളാണ്, ഞാൻ തെറ്റ് ചെയ്യില്ല; കാമുകന്‍റെ ആത്മഹത്യക്ക് പിന്നാലെ ജീവനൊടുക്കി കാമുകി