ജഞ്ജ്ഗിർ (ഛത്തീസ്‌ഗഡ്): ജഞ്‌ജ്‌ഗിർ ചമ്പ ജില്ലയിൽ കുഴൽക്കിണറിൽ വീണ 11കാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ 45 മണിക്കൂറിന് ശേഷവും തുടരുന്നു. 60 അടിയോളം താഴ്‌ചയിൽ കുടുങ്ങിക്കിടക്കുകയാണ് പിഹ്രിദ് ഗ്രാമത്തിലെ 11കാരനായ രാഹുൽ സാഹു. കുട്ടിക്ക് ഇപ്പോഴും ബോധമുണ്ട്. ഗുജറാത്തിൽ നിന്നുള്ള റോബോട്ട് വിദഗ്‌ധരെ വരെ സ്ഥലത്തെത്തിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 2 മണിയോടെയാണ് കളിച്ചുകൊണ്ടിരിക്കെ വീട്ടുമുറ്റത്തുള്ള ഉപയോഗിക്കാത്ത 80 അടി താഴ്‌ചയുള്ള കുഴൽക്കിണറിലേക്ക് കുട്ടി വീഴുന്നത്. എൻഡിആർഎഫിന്‍റെയും ആർമിയുടെയും ഉദ്യോഗസ്ഥരടക്കം 500ലധികം പേരടങ്ങുന്ന രക്ഷാസംഘം ആധുനിക ഉപകരണങ്ങളും വാഹനങ്ങളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുകയാണ്.
കുഴൽക്കിണറിന് സമീപം വെള്ളിയാഴ്‌ച വൈകുന്നേരം മുതൽ കുഴിയ്‌ക്കാനാരംഭിച്ച സമാന്തര കുഴി അവസാനഘട്ടത്തിലേക്ക് അടുക്കാറായെന്നാണ് ലഭ്യമാകുന്ന പുതിയ വിവരം. തുടർന്ന് കുഴൽക്കിണറിലെത്തി കുട്ടിയെ പുറത്തെടുക്കാൻ ഒരു തുരങ്കം സൃഷ്‌ടിക്കും.
ക്യാമറകളിലൂടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയുടെ നില നിരീക്ഷിച്ച് വരികയാണ്. രാഹുലിന് ഇപ്പോഴും ബോധമുണ്ട്. ചലിക്കുന്നുമുണ്ട്. ഞായറാഴ്‌ച പുലർച്ചെ ജ്യൂസും പഴവും നൽകി. കുഴൽക്കിണറിൽ ഓക്‌സിജൻ ഉറപ്പാക്കുന്നതിനായി പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. രാഹുൽ കുടുങ്ങിയ കുഴൽക്കിണറിലുള്ള വെള്ളം പാത്രമുപയോഗിച്ച് വറ്റിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുകയും രക്ഷാപ്രവർത്തനത്തെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്യുന്നുണ്ട്. രാഹുലിന്‍റെ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ച ബാഗേൽ കുട്ടിയെ രക്ഷിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ജില്ല കലക്‌ടർ ജിതേന്ദ്ര ശുക്ലയും പൊലീസ് സൂപ്രണ്ട് വിജയ് അഗർവാളും സ്ഥലത്തുണ്ടായിരുന്നു. ഇത്തരം അപകടങ്ങൾ തടയാൻ കുഴൽക്കിണറുകൾ മൂടണമെന്ന് എല്ലാ ജില്ല കലക്‌ടർമാർക്കും എസ്‌പിമാർക്കും മുഖ്യമന്ത്രി നിർദേശം നൽകി.