മുംബൈ: രാജ്യത്തെ മറ്റെല്ലാ പൗരന്മാരെയും പോലെ ഭവനരഹിതരായ വ്യക്തികളും ഭിക്ഷാടകരും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന് ബോംബെ ഹൈക്കോടതി. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) വഴി നഗരത്തിലെ ഭവന രഹിതരും ഭിക്ഷാടകരും പാവപ്പെട്ടവരുമായ ജനങ്ങൾക്ക് പോഷകാഹാരം, കുടിവെള്ളം, പാർപ്പിട സൗകര്യം, പൊതു ടോയ്‌ലറ്റുകൾ മുതലായവ ലഭ്യമാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബ്രിജേഷ് ആര്യ സമർപ്പിച്ച പൊതുതാൽപര്യ ഹർജി തീർപ്പാക്കിയായിരുന്നു കോടതി നിലപാട്. ചീഫ് ജസ്റ്റിസ് ദിപാംഗർ ദത്ത, ജസ്റ്റിസ് ജി.എസ്. കുൽക്കർണി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം എൻജിഒകളുടെ സഹായത്തോടെ നഗരത്തിൽ ഭക്ഷ്യ പാക്കറ്റുകൾ വിതരണം ചെയ്യുന്നുണ്ടെന്നും ഈ വിഭാഗത്തിൽ നിന്നുള്ള സ്ത്രീകൾക്ക് സാനിറ്ററി നാപ്‌കിനുകൾ പോലുള്ള അവശ്യസാധനങ്ങൾ എത്തിക്കുന്നുണ്ടെന്നും ബിഎംസി കോടതിയെ അറിയിച്ചു. ബിഎംസിയുടെ വാദം അംഗീകരിച്ച കോടതി സംസ്ഥാനത്ത് നിന്ന് ലഭ്യമാകുന്ന സേവനങ്ങൾക്ക് പുറമേ ഇത്തരം വിഭാഗക്കാരും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണമെന്നും എല്ലാ സൗകര്യങ്ങളും സംസ്ഥാനത്തിന് നൽകാൻ കഴിയില്ലെന്നും അറിയിച്ചു. ഇത്തരം വാദങ്ങളിലൂടെ സമൂഹത്തിൽ ഈ വിഭാഗക്കാരുടെ ജനസംഖ്യ വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇവരുടെ എല്ലാ ആവശ്യങ്ങളും നടപ്പാക്കി നൽകുന്നത് ഒരുതരത്തിൽ ഇവർക്ക് തൊഴിൽ ചെയ്യാതിരിക്കാനുള്ള പ്രേരണയായി മാറുന്നുവെന്നും കോടതി വ്യക്തമാക്കി.
Also read: നവി മുംബൈയിൽ ലൈംഗികത്തൊഴിലാളികൾക്കായി പ്രത്യേക വാക്‌സിനേഷൻ ക്യാമ്പ്
നഗരത്തിലും സംസ്ഥാനത്തുടനീളവുമുള്ള പൊതു ശൗചാലയങ്ങൾ ഉപയോഗിക്കുന്നതിന് കുറഞ്ഞ തുക ഈടാക്കണമെന്ന് ഉത്തരവിട്ട കോടതി ഭവനരഹിതരായ ജനങ്ങൾക്ക് അത്തരം സൗകര്യങ്ങൾ സൗജന്യമായി ഉപയോഗിക്കാനുള്ള അനുമതി നൽകുന്നത് പരിഗണിക്കണമെന്നും മഹാരാഷ്ട്ര സർക്കാരിനോട് നിർദേശിച്ചു.