മുംബൈ: അയല്‍വാസിയായ കേതൻ കക്കാടിനെതിരെ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ നല്‍കിയ മാനനഷ്‌ടക്കേസില്‍ ഇടക്കാല ആശ്വാസം നല്‍കാന്‍ കോടതി വിസമ്മതിച്ചു. സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇരു കക്ഷികളുടെയും വാദം പൂര്‍ത്തിയാക്കിയ ശേഷം, കേസില്‍ ബോംബൈ സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ നടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
റായ്‌ഗഡിലെ പന്‍വേലിയിലുള്ള തന്‍റെ 100 ഏക്കര്‍ ഫാം ഹൗസില്‍ നടക്കുന്ന നിയമലംഘനങ്ങളെ കുറിച്ചുള്ള വിവിരങ്ങള്‍ പോസ്‌റ്റ് ചെയ്യുന്നതില്‍ നിന്നും അയല്‍വാസിയായ കക്കാടിനെ തടയണമെന്നാവശ്യപ്പെട്ട് താരം ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ആഭാ സിങ്, ആദിത്യ പ്രതാപ് എന്നിവരടങ്ങുന്ന കക്കാടിന്‍റെ അഭിഭാഷക സംഘവും സൽമാന്റെ അഭിഭാഷകരായ പി.ഡി.ഘണ്ടി, ഡി.എസ്.കെ. ലീഗല്‍ എന്നിവരും ഈ വിഷയത്തിൽ മാസങ്ങളോളം വാദിച്ചു.
മതേരൻ ഇക്കോ സെൻസിറ്റീവ് സോൺ വിജ്ഞാപനത്തിൽ ഉൾപ്പെടുന്ന തന്റെ പൻവേൽ ഫാം ഹൗസിൽ, സൽമാൻ എങ്ങനെയാണ് അനധികൃത നിര്‍മ്മാണം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കക്കാട് ആരോപണങ്ങള്‍ ഉന്നയിച്ചത്. സംഭവം ബോളിവുഡിലും രാഷ്‌ട്രീയത്തിലും വന്‍ വിവാദ വിഷയമായിരുന്നു.