മുംബൈ (മഹാരാഷ്ട്ര): കോർഡേലിയ ക്രൂയിസ് മയക്കുമരുന്ന് വേട്ട കേസിൽ തനിക്കെതിരെ സിബിഐ ഫയൽ ചെയ്‌ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) മുൻ സോണൽ ഡയറക്‌ടർ സമീർ വാങ്കഡെ നൽകിയ ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. റെയ്‌ഡ് സമയത്ത് അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന്‍റെ പേരിലാണ് ഈ കേസ്. നേരത്തെ മെയ് 22 വരെ സമീർ വാങ്കഡെയ്‌ക്കെതിരെ നടപടിയെടുക്കരുതെന്ന് ബോംബെ ഹൈക്കോടതിയുടെ ബെഞ്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷനോട് നിർദേശിച്ചിരുന്നു.
മയക്കുമരുന്ന് വേട്ട കേസിൽ മകനെ ഒഴിവാക്കാൻ ബോളിവുഡ് നടനിൽ നിന്ന് വൻതുക കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ചാണ് ഉദ്യോഗസ്ഥനായ സമീർ വാങ്കഡെക്കെതിരെ സിബിഐ എഫ്ഐആർ ഫയൽ ചെയ്‌തത്. ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസിക്ക് മുമ്പാകെ ഹാജരാകാതിരുന്ന വാങ്കഡെ മയക്കുമരുന്ന് വേട്ട കേസിലെ എഫ്‌ഐആറുമായി ബന്ധപ്പെട്ട നടപടികളിൽ നിന്ന് ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ കേസെടുത്തത് വ്യക്തി എന്ന നിലയിൽ അപമാനിക്കാൻ ആണെന്നും തന്‍റെ പേരും പ്രശസ്‌തിയും തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം അവകാശപ്പെട്ടു.
സിബിഐയുടെ ചോദ്യം ചെയ്യലിൽ താൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വാങ്കഡെ അറിയിച്ചിട്ടുണ്ട്. ജസ്‌റ്റിസുമാരായ ഷർമിള യു ദേശ്‌മുഖ്, ആരിഫ് എസ് ഡോക്‌ടർ എന്നിവരടങ്ങിയ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് സമീർ വാങ്കഡെയുടെ ഹർജി പരിഗണിച്ചത്. 2021 ഒക്‌ടോബർ മൂന്നിനാണ് ക്രൂയിസ് കപ്പൽ മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടന്‍റെ മകനെ എൻസിബി അറസ്‌റ്റ് ചെയ്യുന്നത്. മൂന്നാഴ്‌ച നീണ്ട ജയിൽ വാസത്തിനൊടുവിൽ ഒക്‌ടോബർ 28-ന് ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Also Read: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം, പ്രതി പിടിയില്‍
അറസ്‌റ്റ് പാടില്ലെന്ന് ബോംബെ ഹൈക്കോടതി : മെയ് 22 ന് സമീർ വാങ്കഡെയ്‌ക്കെതിരെ അറസ്റ്റ് പോലുള്ള നിർബന്ധിത നടപടികളിലേക്ക് പോകരുതെന്ന് കോടതി പറഞ്ഞിരുന്നു. ആര്യൻ ഖാനെതിരെ വ്യാജ മയക്കുമരുന്ന് കേസിൽ നിന്ന് രക്ഷിക്കാൻ ഷാരൂഖ് ഖാനോട് പണം ആവശ്യപ്പെട്ടു എന്നാണ് കേസ്. ഈ കേസിന്‍റെ അടിസ്ഥാനത്തിൽ സിബിഐ എഫ്‌ഐആർ ഇട്ടിരുന്നു. ഇതിലാണ് അറസ്‌റ്റ് പാടില്ലെന്ന് സിബിഐയോട് ബോംബെ ഹൈക്കോടതി നിർദേശിച്ചത്. 2021 ഒക്‌ടോബർ മൂന്നിനാണ് ആര്യൻ ഖാനെ കോർഡെലിയ ക്രൂയിസ് കപ്പലിൽ മയക്കുമരുന്ന് പിടികൂടിയതിനെ തുടർന്ന് എൻസിബി അറസ്‌റ്റ് ചെയ്‌തത്.
ആര്യനെതിരെ ചുമത്തിയ കുറ്റം തെളിയിക്കുന്നതിൽ ലഹരി വിരുദ്ധ ഏജൻസി പരാജയപ്പെട്ടിരുന്നു. അറസ്റ്റിലായി മൂന്നാഴ്‌ചയ്‌ക്ക് ശേഷമാണ് ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ചത്. എന്നാൽ സിബിഐയുടെ ആരോപണങ്ങൾ നിഷേധിച്ച വാങ്കഡെ ആര്യൻ എൻസിബി കസ്റ്റഡിയിലായിരുന്ന കാലത്ത് ഷാരൂഖ് ഖാനുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ ട്രാൻസ്ക്രിപ്‌ഷൻ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.
Also Read: ദമ്പതികൾക്ക് നേരെ അഞ്ചംഗ സംഘത്തിന്‍റെ ആക്രമണം; പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപം