മുംബൈ (മഹാരാഷ്‌ട്ര): മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള 48 കെട്ടിടങ്ങൾ പൊളിക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ ഉത്തരവ് പരിഗണിച്ചാണ് കോടതി നടപടി. കെട്ടിടങ്ങളുടെ പൊളിക്കല്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ മുംബൈ സബർബൻ ജില്ല കലക്‌ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
മുംബൈ വിമാനത്താവളത്തിന് സമീപമുള്ള ഉയരം കൂടിയ കെട്ടിടങ്ങള്‍ അപകടമുണ്ടാക്കുമെന്ന് കാണിച്ച് അഭിഭാഷകൻ യശ്വന്ത് ഷേണായി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതി ഉത്തരവ്. ഉയരക്കൂടുതല്‍ കാണിച്ച് നോട്ടിസ് നല്‍കിയ കെട്ടിടങ്ങളിലെ വൈദ്യുതിയും ജലവിതരണവും വിഛേദിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മുംബൈ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് 2010ല്‍ നടത്തിയ സര്‍വേയില്‍ ഉയരം കൂടിയ 137 കെട്ടിടങ്ങള്‍ വിമാനത്താവളത്തിന്‍റെ പരിസരത്തുള്ളതായി കണ്ടെത്തിയിരുന്നു.
ഇതില്‍ 48 കെട്ടിടങ്ങള്‍ ഉടന്‍ പൊളിക്കാനാണ് നിര്‍ദേശം. കെട്ടിടം പൊളിക്കലിന്‍റെ ഉത്തരവാദിത്തം മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്ക് (ബിഎംസി) മാറ്റാൻ ശ്രമിച്ചതിന് ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് എം.എസ് കർണിക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കലക്‌ടറെ വിമര്‍ശിച്ചു. കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ കാണിച്ച് സത്യവാങ്‌മൂലം സമർപ്പിക്കാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കെട്ടിടം പൊളിക്കുന്നതിന് ബിഎംസിയും പൊലീസും കലക്‌ടർക്ക് സഹായം നൽകണമെന്നും കോടതി പറഞ്ഞു. കേസില്‍ അടുത്ത വാദം ഓഗസ്റ്റ് 22 ന് നടക്കും. അതേസമയം 2010-ലെ സർവേയ്‌ക്ക് ശേഷം കൂടുതൽ സർവേകൾ നടത്തിയെന്നും പൊളിക്കുന്നതിനായി മറ്റ് നിരവധി ഘടകങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മുംബൈ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അഭിഭാഷകൻ വിക്രം നങ്കാനി കോടതിയെ അറിയിച്ചു.