മുംബൈ: ബോളിവുഡ് ലഹരിമരുന്ന് കേസ് അന്വേഷണത്തിലെ രണ്ട് ഉദ്യോഗസ്ഥരെ മുംബൈ സോണൽ യൂണിറ്റിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ലഹരിമരുന്ന് കേസിലെ പ്രതികളെ രക്ഷപെടാൻ സഹായിച്ചതിൽ പങ്കുണ്ടെന്ന് കാണിച്ചാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഇരുവരെയും സസ്‌പെൻഡ് ചെയ്തത്. ലഹരിമരുന്ന് കേസിലെ പ്രതികളായ ഹർഷ് ലിംബാച്ചിക്കും കരിഷ്മ പ്രകാശിനും ജാമ്യവും ഇടക്കാല ജാമ്യവും ലഭിച്ചതില്‍ രണ്ട് അന്വേഷണ ഉദ്യോഗസ്ഥരുടെയും പങ്ക് വെളിപ്പെടുത്തിയിട്ടില്ല.
ടെലിവിഷൻ അവതാരക ഭാരതി സിംഗിന്‍റെ ഭർത്താവാണ് ലിംബാച്ചിയ. പ്രമുഖ ബോളിവുഡ് നടി ദീപിക പദുക്കോണിന്‍റെ മാനേജറാണ് കരിഷ്മ പ്രകാശ്. ഇരുവരുടേയും വീടുകളിൽ കഴിഞ്ഞ മാസം എൻസിബി ടീമുകൾ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ മയക്കു മരുന്ന് കണ്ടെടുത്തിരുന്നു. സോണൽ ഡയറക്ടർ സമീർ വാങ്കഡെ ഉത്തരവിട്ടതിനെ തുടർന്നാണ് എൻസിബി രണ്ട് ഉദ്യോസ്ഥരേയും സസ്‌പെൻഡ് ചെയ്തത്. കേസിൽ അഭിഭാഷകർ ഉൾപ്പെടെ മറ്റ് ചിലരുടെ പങ്കാളിത്തവും ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.