ഹൈദരാബാദ്: ബോളിവുഡിൽ പ്രായം ഒരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുന്ന ചുരുക്കം അഭിനേതാക്കളിൽ ഒരാളാണ് സഞ്‌ജയ് ദത്ത് (Sanjay Dutt). 63-ാം വയസിലും ഫിറ്റ് ബോഡി കാത്തു സൂക്ഷിക്കാൻ താരം തിരഞ്ഞെടുക്കുന്ന വർക്കൗട്ടുകൾ വ്യത്യസ്‌തമാണ്. ഇന്ന് കോടാലിയുമായി അനായാസം മരത്തടി മുറിക്കുന്ന താരത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
തടി മുറിച്ച് വർക്കൗട്ട് : തന്‍റെ ഔദ്യോഗിക ഇൻസ്‌റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കിട്ട താരം അതിന് അടിക്കുറിപ്പെഴുതിയത്, ' ബേസിക്ക് കാര്യങ്ങളിലേക്ക് തിരിച്ചു വരുന്നു, പ്രാഥമിക വർക്ക്‌ഔട്ടുകൾ, തടി മുറിക്കുന്നത് ഏറ്റവും മികച്ച പ്രവർത്തനരീതിയാണ്, ശരീരം മുഴുവനും നന്നായി പ്രവർത്തിക്കുന്നു, നന്നായി വർക്ക് ഔട്ട് ചെയ്‌തു, ഇത് തുടരണം, ഇത് പരീക്ഷിച്ചുനോക്കൂ, നിങ്ങൾക്കിത് ഇഷ്‌ടപ്പെടും' എന്നായിരുന്നു. #DuttsTheWay എന്ന ഹാഷ്‌ടാഗോടെയായിരുന്നു ദൃശ്യം പോസ്‌റ്റ് ചെയ്‌തത്.
അഭിനന്ദനങ്ങൾക്കൊപ്പം ട്രോളുകളും : താരം വീഡിയോ പോസ്‌റ്റ് ചെയ്‌ത ഉടൻ തന്നെ നിരവധി ആരാധകരാണ് ഫയർ ഇമോജിയുമായി കമന്‍റ് ബോക്‌സിൽ എത്തിയത്. അതോടൊപ്പം അദ്ദേഹത്തിന്‍റെ ജയിൽ ജീവിതം ഓർമപ്പെടുത്തുന്നതാണ് ഈ വീഡിയോ എന്നും ചിലർ ട്രോൾ ചെയ്‌തു. 'നിങ്ങൾ ഇപ്പോൾ ചെയ്യുന്ന ജോലി പണ്ട് ഞങ്ങൾ ഞങ്ങളുടെ മുത്തച്ഛനോടൊപ്പം ചെയ്‌തിരുന്നതാണ്. ഒരേയൊരു വ്യത്യാസം നിങ്ങൾ ഇത് നിങ്ങളുടെ ശരീരത്തിന് വേണ്ടി ചെയ്യുന്നു, ഞങ്ങൾ ഇത് ഞങ്ങളുടെ ജീവിതത്തിനായി ചെയ്യുന്നു എന്നതാണ്', മറ്റൊരു നെറ്റിസൺ കുറിച്ചു. ട്രോളുകൾക്കിടയിൽ സഞ്‌ജയ് ദത്തിന്‍റെ തിരിച്ചുവരവാണിതെന്ന തരത്തിൽ നിരവധി പേർ അഭിനന്ദനങ്ങളും അറിയിച്ചിരുന്നു.
1993ലെ മുംബൈ സ്‌ഫോടന പരമ്പരയുടെ പേരിൽ സഞ്‌ജയ് ദത്ത് ജയിൽ ജീവിതം അനുഭവിച്ചിട്ടുണ്ട്. എന്നാൽ ജയിൽ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ആ കാലം ഞാൻ വർക്കൗട്ടിനായി നീക്കിവച്ചതായായിരുന്നു എന്നാണ് താരത്തിന്‍റെ പ്രതികരണം. അഞ്ച് വർഷത്തിലേറെ കാലം ജയിലിൽ കിടന്നപ്പോൾ കുടുംബത്തെ കുറിച്ചുള്ള ആശങ്കകൾ ഏറെ ഉണ്ടായിരുന്നു. എന്നാൽ ഈ സമയം വിവേകത്തോടെ ഉപയോഗിക്കണമെന്ന് തീരുമാനിച്ച് വർക്കൗട്ട് വീണ്ടും ആരംഭിക്കുകയായിരുന്നു.
സഞ്‌ജയ് ദത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങൾ : കഴിഞ്ഞ വർഷം കെജിഎഫ് ചാപ്‌റ്റർ 2 ൽ യഷിനും രവീണ ടണ്ടനുമൊപ്പം സഞ്‌ജയ് ദത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. രൺബീർ കപൂർ, വാണി കപൂർ എന്നിവർക്കൊപ്പം ഷംഷേര എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. ശേഷം അക്ഷയ് കുമാർ, സോനു സൂദ്, മാനുഷി ചില്ലർ എന്നിവർക്കൊപ്പം അദ്ദേഹം യഷ് രാജ് ഫിലിംസ് ചിത്രമായ സാംറാട്ട് പൃഥ്വിരാജിലും തിളങ്ങി.
ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം ലിയോയിലും അദ്ദേഹം പ്രത്യക്ഷപ്പെടും. അജയ് ദേവ്‌ഗണിന്‍റെ ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യയിലും സഞ്‌ജയ് ദത്ത് അഭിനയിച്ചിരുന്നു.