റാഞ്ചി : ജാര്‍ഖണ്ഡിലെ ഗര്‍വയില്‍ നിന്ന് കാണാതായ ഏഴുവയസുകാരനെ അതിക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാവ് മുറിച്ച് മാറ്റിയും കണ്ണ് ചൂഴ്‌ന്നെടുത്ത നിലയിലുമാണ് മൃതദേഹം. ഗര്‍വ സ്വദേശി അവധേഷ് സാഹയുടെ മകന്‍ ശാന്തന്‍ കുമാറാണ് മരിച്ചത്.
വ്യാഴാഴ്‌ച (ജൂലൈ 13) മൃതദേഹം ബന്ധുവിന്‍റെ വീടിന് സമീപത്ത് സെപ്‌റ്റിക് ടാങ്കിനായെടുത്ത കുഴിയിലാണ് കണ്ടെത്തിയത്. രാവിലെ സ്‌കൂളിലേക്ക് പോകുന്ന കുട്ടികളാണ് കുഴിയില്‍ കുട്ടിയുടെ ചേതനയറ്റ ശരീരം കണ്ടത്.
കുട്ടിയെ കാണാതായത് 2 ദിവസം മുമ്പ് : രണ്ട് ദിവസം മുമ്പാണ് ശാന്തന്‍ കുമാറിനെ കാണാതായത്. വീട്ടില്‍ നിന്ന് സമീപത്തെ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കുടുംബം ദണ്ഡായി പൊലീസില്‍ പരാതി നല്‍കി.
കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു. ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി.
കൊലപാതക കാരണം അവ്യക്തം : കൊലപാതക കാരണം പൊലീസിന് കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ കുടുംബവുമായി ആര്‍ക്കെങ്കിലുമുള്ള മുന്‍ വൈരാഗ്യമായിരിക്കാം കൊലയ്‌ക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ദണ്ഡായി പൊലീസ് അറിയിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ചോദ്യം ചെയ്‌തുവെന്ന് പൊലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശിലും സമാന സംഭവം : യുപിയിലെ കനൗജ് ജില്ലയില്‍ ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പാണ് സമാനമായ രീതിയില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഏഴ് വയസുകാരിയെ കാണാതായതിന് പിന്നാലെ അതിക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ ആളൊഴിഞ്ഞ ചോളപ്പാടത്ത് കണ്ടെത്തുകയായിരുന്നു.
കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ട് വായയില്‍ ചെളി നിറഞ്ഞും, കാലുകള്‍ ഒടിഞ്ഞും, ദേഹമാസകലം ആസിഡ് ഒഴിച്ച നിലയിലും വിവസ്‌ത്രയായാണ് മൃതദേഹം കണ്ടെത്തിയത്. രാത്രിയില്‍ ബന്ധു വീട്ടിലെ വിവാഹ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. രാത്രിയില്‍ പെണ്‍കുട്ടിക്കായി കുടുംബം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് തൊട്ടടുത്ത ദിവസവും തെരച്ചില്‍ നടത്തിയെങ്കിലും വിഫലമായി.
തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ ആളൊഴിഞ്ഞ ചോളപ്പാടത്ത് നിന്ന് കണ്ടെത്തിയത്. പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ അച്ഛന്‍റെ ഫോണിലേക്ക് ഒരു അജ്ഞാത കോള്‍ വന്നിരുന്നുവെന്നും കുടുംബം ആരോപിച്ചു.