ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പിത്തോറഗഡിൽ സരയൂ നദിയിൽ നിന്നും നിരവധി മൃതദേഹങ്ങൾ കണ്ടെത്തി. കൊവിഡ് രോഗികളുടെ മൃതദേഹങ്ങളാണെന്നാണ് സംശയം. നദിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. ജില്ലയിലെ മിക്ക സ്ഥലങ്ങളിലേക്കും ഇവിടെ നിന്നുമാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. കൊവിഡ് രോഗികളുടെ മൃതദേഹങ്ങളാണ് നദിയിൽ നിന്ന് കിട്ടിയതെങ്കിൽ രോഗവ്യാപനം രൂക്ഷമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഈ മാസം ആദ്യം ജില്ലയിൽ കൊവിഡ് കേസുകളുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിയിരുന്നു.
Also Read: ഗംഗ നദീതീരത്ത് നൂറിലധികം ശവക്കുഴികൾ കണ്ടെത്തി
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ തുറന്ന സ്ഥലങ്ങളിൽ സംസ്‌കരിക്കുന്നതിനെതിരെയും പ്രദേശവാസികൾ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതും രോഗവ്യാപനത്തിന് കാരണമായേക്കാം എന്നാണ് പ്രദേശവാസികൾ അവകാശപ്പെടുന്നത്. അതേസമയം, പിത്തോറഗഡിൽ നിന്നുള്ള രോഗികളുടെ മൃതദേഹങ്ങളല്ല സരയൂ നദിയിൽ കണ്ടെത്തിയതെന്ന് ഘാട്ട് പ്രദേശത്തെ കൊവിഡ് രോഗികളുടെ ശവസംസ്‌കാരത്തിന് മേൽനോട്ടം വഹിക്കുന്ന ജില്ലയിലെ തഹസിൽദാർ പങ്കജ് ചന്ദോള പറഞ്ഞു. മൃതദേഹം കണ്ടെത്തിയത് പിത്തോറഗഡിൽ നിന്നും അല്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഗംഗ നദിക്കരയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ
ഈ മാസം ആദ്യം ബിഹാറിലും ഉത്തർപ്രദേശിലും ഗംഗാ നദിയിലും സമാന രീതിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ഗംഗയിലും അതിന്‍റെ പോഷക നദികളിലും മൃതദേഹം ഉപേക്ഷിക്കുന്നത് തടയണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.