ബെംഗളുരു: 2020 ജൂലൈയിൽ കൊവിഡ് ബാധിച്ച് മരണമടഞ്ഞ രണ്ട് പേരുടെ മൃതദേഹങ്ങൾ ഒരു വർഷത്തിലേറെയായി ഇഎസ്ഐ ആശുപത്രിയിൽ മോർച്ചറിയിൽ ചീഞ്ഞഴുകിയ നിലയിൽ. 40 വയസായ സ്ത്രീയുടേയും 50 താഴെ പ്രായമുള്ള പുരുഷന്‍റെയും മൃതദേഹമാണ് ഒരു വർഷത്തോളമായി മോർച്ചറിയിലുള്ളതെന്ന് ആശുപത്രി അധികൃതർ പറയുന്നു.
2020 ജൂണിലാണ് ഇരുവരെയും കൊവിഡ് ബാധിച്ച് രാജാജിനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ജൂലൈയിൽ ഇരുവരും മരണമടഞ്ഞു. എന്നാൽ അന്നുമുതൽ അജ്ഞാത കാരണങ്ങളാൽ ഇരുവരുടെയും അന്ത്യകർമങ്ങൾ നടത്താതെ മൃതദേഹം മോർച്ചറിയിലാണ്.
സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി ഇതിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജാജിനഗർ ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ എസ്.സുരേഷ് കുമാർ കർണാടക തൊഴിൽ മന്ത്രി എ.ശിവറാം ഹെബ്ബാറിന് കത്തയച്ചു. കൊവിഡ് വ്യാപന സമയത്ത് ഹൃദയഭേദകമായ പല സംഭവങ്ങളും നമ്മൾ കണ്ടുവെന്നും എന്നാൽ ഇഎസ്ഐ ആശുപത്രിയിലെ സംഭവം ഏറ്റവും ദൗർഭാഗ്യകരമാണെന്നും നിരുത്തരവാദവും മനുഷ്യത്വരഹിത പെരുമാറ്റവുമാണ് സംഭവത്തിന് പിന്നിലെന്നും സുരേഷ് കുമാർ കത്തിൽ പറയുന്നു.