ഹാവേരി: രക്തദാനത്തിന്‍റെ പ്രാധാന്യം മനസിലാക്കി തന്നെയാണ് അതിനെ മഹാദാനമെന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരത്തില്‍ രക്തദാനത്തിന് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നവരാണ് ഹാവേരി ജില്ലയിലെ ഹനഗല്‍ താലൂക്കിലുള്ള അക്കി അലൂരു നിവാസികള്‍. രക്തദാനത്തോട് ഇവര്‍ പുലര്‍ത്തുന്ന പ്രിയം തന്നെയാണ് 'ആര്‍മി ഓഫ് ബ്ലഡ് സോള്‍ജിയേഴ്‌സ്' ന്‍റെ ജന്മഗൃഹമായി അക്കി അലൂരു വിശേഷിപ്പിക്കപ്പെടുന്നതും.
നിലവില്‍ ഇവിടെ നിന്നുമുള്ള കരബസപ്പ മനോഹർ ഗോണ്ടി മറ്റൊരു റെക്കോഡ് കൂടി ഗ്രാമത്തില്‍ എത്തിച്ചിരിക്കുകയാണ്. അതായത് 100 തവണ രക്തം ദാനം ചെയ്‌ത ഹാവേരി ജില്ലയിലെ തന്നെ ആദ്യ രക്തദാതാവായി (Man Who Donates Blood 100 Times And Sets A New Record).
സെഞ്ചുറി തികച്ച് കരബസപ്പ: അക്കി അലൂരില്‍ തന്നെയുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞദിവസം 100 -ാമത് ബ്ലഡ് ഡൊണേഷൻ ആൻഡ് ബ്ലഡ് ഡിസോർഡർ ഫൈറ്റേഴ്സ് ഫ്രീ കെയർ ഹോമിന്‍റെ ഉദ്ഘാടന ചടങ്ങ് നടന്നിരുന്നു. ബ്ലഡ് ഡിസോര്‍ഡര്‍ ഫൈറ്റേഴ്‌സിനായുള്ള സംസ്ഥാനത്തെ ആദ്യ ഫ്രീ കെയർ ഹോം കൂടിയായിരുന്നു ഇത്. ഈ ചടങ്ങിനോടനുബന്ധിച്ചാണ് കരബസപ്പ മനോഹർ ഗോണ്ടി തന്‍റെ നൂറാം രക്തദാനം നടത്തിയത്. ഇദ്ദേഹത്തെ കൂടാതെ ചടങ്ങിന്‍റെ ഭാഗമായി 30 ലധികം പേരും രക്തദാനത്തിന്‍റെ ഭാഗമായിരുന്നു.
രക്തദാനത്തിലെ അക്കി അലൂരു മാതൃക: രക്തദാനത്തെ കുറിച്ച് തുടക്കത്തില്‍ നിരവധി അനാവശ്യ പ്രചരണങ്ങള്‍ നിലനിന്നിരുന്നുവെന്നും എന്നാല്‍ സ്‌നേഹ മൈത്രി ബ്ലഡ് ആര്‍മി ഗ്രൂപ്പ് രൂപീകരിച്ച് രക്തദാനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കുകയായിരുന്നുവെന്ന് കരബസപ്പ പറഞ്ഞു. അതുകൊണ്ടുതന്നെ തുടക്കത്തില്‍ വിമുഖത കാണിച്ചവരെല്ലാം തന്നെ നിലവില്‍ രക്തദാനത്തിനായി ഒത്തുകൂടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‌നേഹ മൈത്രി ബ്ലഡ് ആര്‍മി ഇതിനോടകം 125 രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഇതില്‍ 100 രക്തദാന ക്യാമ്പുകളും ഹാവേരി ജില്ലയില്‍ തന്നെയാണ് നടത്തിയത്. മാത്രമല്ല ഇതിലെ 25 രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ചത് രക്തദാതാക്കളുടെ ജന്മഗൃഹമായ അക്കി അലൂരില്‍ തന്നെയായിരുന്നുവെന്നും കരബസപ്പ അറിയിച്ചു.
കെയര്‍ ഹോമിലേക്ക് വന്നതിങ്ങനെ: ഹാവേരി ജില്ലയിലെ 200 ലധികം കുട്ടികള്‍ തലസീമിയ, ഹീമോഫീലിയ, സിക്കിള്‍ സെല്‍ പോലുള്ള രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. ഇവര്‍ക്ക് ചികിത്സയ്‌ക്ക് അനുസരിച്ച് ഓരോ ആഴ്‌ചയിലും, അല്ലെങ്കില്‍ ഓരോ മാസത്തിലും രക്തം ആവശ്യമാണ്. എന്നാല്‍ ഇവര്‍ക്ക് ആവശ്യമുള്ള രക്ത ഗ്രൂപ്പുകള്‍ കണ്ടെത്തല്‍ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും, ഈ കുട്ടികള്‍ക്ക് ഇതിനായി ജില്ല ആശുപത്രിയില്‍ തുടര്‍ച്ചയായി എത്തേണ്ടതുണ്ടെന്നും കരബസപ്പ മനോഹർ ഗോണ്ടി പറഞ്ഞു.
ജില്ല ആശുപത്രിയിൽ ഇതിനായി പ്രത്യേക വകുപ്പില്ലെന്നും അങ്ങനെയാണ് സ്നേഹ മൈത്രി ബ്ലഡ് ആർമിയും ജില്ല ഭരണകൂടവും ദേവനഗരി ജില്ല ഹീമോഫീലിയ സൊസൈറ്റിയും ചേര്‍ന്ന് കെയര്‍ ഹോം സ്ഥാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.