ബെംഗളൂരു : കർണാടകയിൽ അന്ധതയെ തോൽപിച്ച് കംപ്യൂട്ടറിൽ പ്രാവീണ്യം നേടി യുവാവ്. ഗോകാക് സ്വദേശിയായ സുമിത് മൊടേക്കറാണ് കാഴ്‌ചയില്ലെങ്കിലും കംപ്യൂട്ടർ കീബോർഡിൽ അനായാസം ടൈപ്പ് ചെയ്യുന്നത്. ബെലഗാവി മുനിസിപ്പൽ കോർപ്പറേഷനിലെ ഹെൽത്ത് ഡിവിഷനിൽ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്‍റാണ് സുമിത്.
സുമിത്തിന് പിന്നിലെ സാങ്കേതികത : ' നോൺ - ഡെസ്‌ക്‌ടോപ്പ് വിഷ്വൽ എക്‌സൽ ' എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് സുമിത് കംപ്യൂട്ടർ കൈകാര്യം ചെയ്യുന്നത്. ഈ ആപ്പിലൂടെ സുമിത് കംപ്യൂട്ടറിൽ തനിക്ക് വേണ്ട ഫയലുകൾ തുറക്കുകയും ഏതൊക്കെ വിവരങ്ങൾ എഡിറ്റ് ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്യുന്നു. ആപ്ലിക്കേഷന്‍റെ സഹായത്തോടെ ഒരു ഉദ്യോഗസ്ഥൻ സുമിതിന്‍റെ മൊബൈൽ ഫോണിലേക്ക് വിളിച്ചാൽ' മൊബൈൽ ടോക്ക്‌ബാക്ക്' എന്ന ഫീച്ചർ വഴി കോൾ ചെയ്‌തയാളെ തിരിച്ചറിയാനും മറുപടി നൽകാനും കഴിയും.
also read : പ്രതിസന്ധികളില്‍ തളരാത്ത മനക്കരുത്ത് ; യുപിഎസ്‌സിയിൽ 425-ാം റാങ്ക് നേടി മേഘന
ഈ ആപ്പിൽ മൊബൈലിൽ വരുന്ന കോളുകൾ ആരുടെയും സഹായമില്ലാതെ തന്നെ സേവ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ഓഫിസ് രേഖകൾ ടൈപ്പ് ചെയ്യൽ, മറ്റ് ഓൺലൈൻ അപ്‌ഡേറ്റ് ജോലികൾ എന്നിവ വളരെ എളുപ്പത്തിലാണ് സുമിത് മൊടേക്കർ ആപ്ലിക്കേഷന്‍റെ സഹായത്തോടെ ചെയ്യുന്നത്. 2021 ലാണ് സുമിത് സർക്കാർ ജോലിയിൽ നിയമിതനാകുന്നത്.
ഇതിന് മുൻപ് കംപ്യൂട്ടർ ഇൻ അഡ്വാൻസ് കോഴ്‌സിൽ പരിശീലനം നേടി. അഡ്വാൻസ്‌ഡ് എക്‌സൽ, അഡ്വാൻസ്‌ഡ് എംഎസ് വേഡ് ഉൾപ്പടെ ഇതിന് സമാനമായ മറ്റ് പല ആപ്ലിക്കേഷനിലും ആറ് മാസം നീണ്ട പരിശീലനം നേടിയതോടെ ആരുടെയും സഹായമില്ലാതെ സുഖമമായാണ് സുമിത് ജോലി ചെയ്യുന്നത്. സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് ഹൈദരാബാദിലെയും ഡൽഹിയിലെയും ഹിന്ദുസ്ഥാൻ കമ്പ്യൂട്ടർ സെന്‍റർ ലിമിറ്റഡിൽ അസോസിയേറ്റ് എഞ്ചിനീയറായി സുമിത് പ്രവർത്തിച്ചിരുന്നു.
also read : 'അന്ധയായ ഇന്ത്യയിലെ ആദ്യത്തെ പാചക യൂട്യൂബർ'; ഉൾക്കാഴ്‌ചയിൽ രുചി വൈവിധ്യം തീർത്ത് ഭൂമിക
ദേശീയതല അത്‌ലറ്റിക്‌സിൽ പങ്കെടുത്തു : രണ്ട് വർഷത്തോളം എച്ച് ആർ വിഭാഗത്തിലും ജോലി ചെയ്‌തിട്ടുണ്ട്. അന്ധർക്കായുള്ള ദേശീയതല അത്‌ലറ്റിക്‌സിൽ ഗുസ്‌തി വിഭാഗത്തിൽ കർണാടകയെ പ്രതിനിധീകരിച്ച വ്യക്തികൂടിയാണ് അദ്ദേഹം. സാഹിത്യരംഗത്തും താത്‌പര്യമുള്ള സുമിത് ധാരാളം ലേഖനങ്ങളും കഥകളും നോവലുകളും എഴുതി പ്രസിദ്ധീകരിക്കാനായി കാത്തിരിക്കുകയാണ്.
കാഴ്‌ച ശക്തി ഇല്ലെങ്കിലും സുമിത് ജോലിയിൽ കാണിക്കുന്ന ആത്മാർഥത പ്രശംസനീയമാണെന്നാണ് സഹ പ്രവർത്തകർ പറയുന്നത്. മികച്ച സാങ്കേതിക വിദ്യയും സഹപ്രവർത്തകരുടെ സഹകരണവും കൊണ്ട് കംപ്യൂട്ടറിൽ ജോലി ചെയ്യാൻ തനിക്ക് പ്രയാസം ഒട്ടും തന്നെയില്ലെന്ന് സുമിതും പറയുന്നു.