ജമ്മു: ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി സംസ്ഥാനത്ത് സന്ദർശനം നടത്താനിരിക്കെ ബിഷ്‌നയിലെ ലാലിയൻ ഗ്രാമത്തിൽ സ്‌ഫോടനം നടന്നതായി റിപ്പോർട്ടുകൾ. കൃഷിഭൂമിയിൽ സ്‌ഫോടനം നടന്നുവെന്ന് സംശയിക്കുന്നതായി ഗ്രാമവാസികൾ സംശയിക്കുന്നതായി ജമ്മു കശ്‌മീർ പൊലീസ് പറയുന്നു. മോദി സന്ദർശിക്കുന്ന പല്ലി പഞ്ചായത്തിൽ നിന്നും 7 കിലോമീറ്റർ അകലെയാണ് ദുരൂഹമായ സ്ഫോടനം നടന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പാമ്പുകടി ചികിത്സകൾക്ക് പേരുകേട്ട ഗ്രാമമാണ് ലാലിയൻ. വെള്ളിയാഴ്‌ച സുരക്ഷ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. ആക്രമണത്തിൽ രണ്ട് ജെയ്‌ഷെ ഭീകരരെ സൈന്യം വധിച്ചിരുന്നു.
പഞ്ചായത്തി രാജ് ദിനാഘോഷത്തിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രി ജമ്മു കശ്‌മീരിലെത്തുന്നത്. ചടങ്ങുകൾക്കായി സാംബയിലെ പല്ലി ഗ്രാമത്തിലെത്തുന്ന മോദി ഇവിടെനിന്നും രാജ്യത്തെ പഞ്ചായത്തുകളെ അഭിസംബോധന ചെയ്യും.
തുടർന്ന് 20,000 കോടി രൂപയുടെ വികസന സംരംഭങ്ങളുടെ ഉദ്‌ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. ജലാശയങ്ങളുടെ പുനരുജ്ജീവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അമൃത് സരോവർ എന്ന പുതിയ സംരംഭവും പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും. രാജ്യത്തെ ഓരോ ജില്ലകളിലും 75 ജലാശയങ്ങൾ വികസിപ്പിക്കാനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് പദ്ധതി.
3,100 കോടി രൂപ ചെലവിൽ നിർമിച്ച ബനിഹാൽ ഖാസിഗുണ്ട് റോഡ് ടണലിന്‍റെ ഉദ്ഘാടനം മോദി നിർവഹിക്കും. ജമ്മുവിനും കശ്‌മീരിനും എല്ലാ കാലാവസ്ഥയിലും പരസ്‌പരം ബന്ധപ്പെടാൻ സഹായിക്കുന്നതാണ് ബനിഹാൽ ഖാസിഗുണ്ട് തുരങ്കം. 7,500 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഡൽഹി-അമൃത്സർ-കത്ര എക്‌സ്പ്രസ് വേയുടെ മൂന്ന് റോഡ് പാക്കേജുകളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
Also Read: പ്രധാനമന്ത്രി ഇന്ന് കശ്‌മീരിലെത്തും; 370-ാം അനുച്ഛേദം റദ്ദാക്കിയശേഷമുള്ള ആദ്യ സന്ദര്‍ശനം