ബെലഗാവി : സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്‌ത ഭർത്താവിനെതിരെ പരാതി നൽകി ഭാര്യ (The wife has complained to the police against her husband). കർണാടകയിലെ ബെൽഗാമിലാണ് സംഭവം. ഭാര്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയാണ് പ്രതി ഭീഷണി നടത്തിയത്.
മറ്റൊരു വിവാഹം കഴിക്കുന്നതിനായി വിവാഹമോചനം നേടാനാണ് പ്രതി ഈ പ്രവൃത്തി ചെയ്‌തതെന്നാണ് പരാതി. വിവാഹ മോചനം നൽകണമെന്നും അതിനു തയ്യാറായില്ലെങ്കിൽ സ്വകാര്യ വീഡിയോകളും ഫോട്ടോകളും വൈറലാക്കുമെന്നുമാണ് ഭീഷണി. പലതവണ ഭർത്താവിനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ലെന്നും ഭാര്യ പരാതിയിൽ പറയുന്നു.
വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് കോടതിയെ സമീപിച്ചു. കോടതിയിൽ കേസ് കൊടുത്ത ശേഷവും തുടർച്ചയായി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തുടർന്നാണ് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല സൈബർ സ്‌റ്റേഷനിൽ ഭാര്യ പരാതി നൽകിയത്.
സംഭവത്തിൽ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യുകയും ഭർത്താവിനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്‌തു. ഈ സമയം ഇയാളുടെ മൊബൈൽ ഫോണിൽ ഭാര്യയുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്‌തു. തുടർന്ന് പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്യുന്നതിനിടയിൽ പ്രതി രക്ഷപ്പെട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടൻ തന്നെ പൊലീസ് ഇയാളെ രക്ഷപ്പെടുത്തി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സുഖം പ്രാപിച്ച പ്രതിയെ ബുധനാഴ്‌ച (ജനുവരി 3) ഹിൻഡലഗ ജയിലിലേക്ക് മാറ്റി.
പൊലീസ് പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് എഫ്എസ്എല്ലിന് അയച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭീഷണി പെടുത്തിയെന്ന് വ്യക്‌തമാവുകയും ചെയ്‌തു. പ്രതിയ്‌ക്കെതിരെ ഭാര്യ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
Also Read: നഴ്‌സറി കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകന്‍ പിടിയില്‍
വെബ്‌സൈറ്റുകളിൽ സ്വകാര്യ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഭർത്താവ് മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങുകയായിരുന്നെന്നും ഇക്കാരണത്താൽ വിവാഹമോചനം നേടാൻ പോകുകയാണെന്നും ഭാര്യയും വ്യക്തമാക്കിയിട്ടുണ്ട്. തങ്ങൾ ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് എഫ്എസ്എല്ലിന് അയച്ചു. അന്വേഷണത്തിൽ ഇയാള്‍ കുറ്റം ചെയ്‌തെന്ന് വ്യക്തമാകുകയും നിയമനടപടി സ്വീകരിക്കുമെന്നും ജില്ല പൊലീസ് സൂപ്രണ്ട് ഡോ. ഭീമശങ്കർ ഗുലേദ് പറഞ്ഞു.