ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് മ്യൂക്കോര്‍മൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) രോഗികളുടെ എണ്ണം കൂടുന്നതോടെ ഡോക്ടർമാർ ആശങ്കയില്‍. ജാഗ്രത പാലിക്കണമെന്നും മരുന്നുകളുടെ ലഭ്യത മെച്ചപ്പെടണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളും എപ്പിഡെമിക് ഡിസീസ് ആക്റ്റ് പ്രകാരം ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഫംഗസ് ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആംഫോട്ടെറിസിൻ മരുന്നിന്‍റെ ക്ഷാമമുണ്ടെന്ന് നഗരത്തിലെ ഡോക്ടർമാർ പറഞ്ഞു. കൊവിഡ് ചികിത്സയിൽ സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.
Read Also………….ബ്ലാക്ക് ഫംഗസ്; ചികിത്സക്കായി 1500 കിടക്കകൾ കൂടി അനുവദിച്ച് തെലങ്കാന സക്കാർ
രോഗിയുടെ പ്രതിരോധ ശേഷിയും ശാരീരിക അവസ്ഥയും അനുസരിച്ച് ചികിത്സ വ്യത്യാസപ്പെടാമെന്ന് ഇഎൻടി സർജനും വെങ്കടേശ്വർ ആശുപത്രി സീനിയർ കൺസൾട്ടന്‍റുമായ ഡോ. വിവേക് ആർ സിൻഹ പറഞ്ഞു. ആദ്യത്തെ തരംഗത്തിലെ അനുഭവത്തെ അടിസ്ഥാനമാക്കി മ്യൂക്കോര്‍മൈക്കോസിസ് വർദ്ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി അദ്ദേഹം പറയുന്നു. ആംഫോട്ടെറിസിൻ മൂന്ന് വ്യത്യസ്ത രൂപങ്ങളിൽ ലഭ്യമാണ്. ലിപോസോമൽ ആംഫോട്ടെറിസിൻ, ലിപിഡ് കോംപ്ലക്സ് പതിപ്പും ആംഫോട്ടെറിസിൻ ബി ഡിയോക്സി ചോളേറ്റും (ആന്‍റി ഫംഗസിന്‍റെ പഴയ പതിപ്പ്). എന്നാൽ പഴയ പതിപ്പ് വൃക്കകളെ തകരാറിലാക്കുന്നു. കാരണം മിക്ക രോഗികൾക്കും പ്രമേഹമുള്ളതിനാൽ ലിപ്പോസോമൽ ആംഫോട്ടെറിസിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലിപ്പോസോമൽ ആംഫോട്ടെറിസിന് വില കൂടുതലാണ്. അതിനാല്‍ തന്നെ എല്ലാ രോഗികള്‍ക്കും അത് ഉപയോഗിക്കാന്‍ പരിധികളുണ്ട്. അതേസമയം ചിലര്‍ക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. കാരണം ചത്തതോ ബാധിച്ചതോ ആയ ടിഷ്യു നീക്കം ചെയ്താല്‍ മാത്രമേ ചികിത്സ ഫലപ്രദമാകൂ. ലിപ്പോസോമൽ ആംഫോട്ടെറിസിന്‍റെ ചെലവ് പ്രതിദിനം ശരാശരി 3500 രൂപ മുതൽ 8000 രൂപ വരെയാണെന്നും ഡോക്ടർ സിൻഹ പറഞ്ഞു. നിലവിലുള്ള നിർമ്മാതാക്കൾക്ക് പുറമേ അഞ്ച് നിർമ്മാതാക്കൾക്ക് കേന്ദ്രസർക്കാർ ആംഫോട്ടെറിസിൻ-ബി നിർമ്മിക്കാനുള്ള ലൈസൻസ് നൽകിയിട്ടുണ്ട്. ഈ വർഷം ജൂലൈ മുതൽ പ്രതിമാസം 1,11,000 കുപ്പികൾ ആംഫോട്ടെറിസിൻ-ബി ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
കേന്ദ്ര ആരോഗ്യ മന്ത്രാലയം രാജ്യത്ത് 5,424 മ്യൂക്കോര്‍മികോസിസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 4,556 രോഗികൾക്ക് കൊവിഡ് ബാധയുടെ ചരിത്രമുണ്ട്. 55 ശതമാനം പേർക്ക് പ്രമേഹവുമുണ്ട്.