ന്യൂഡൽഹി: ബ്ലാക്ക് ഫംഗസിനെതിരെ ഉപയോഗിക്കുന്ന ആംഫോട്ടെറിസിൻ-ബി മരുന്നിന്‍റെ തദ്ദേശിയ ഉത്പാദനം ഗണ്യമായി വർധിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ ശ്രമം നടത്തുകയാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് മ്യൂക്കോമിസൈസിസ് എന്നറിയപ്പെടുന്ന ബ്ലാക്ക് ഫംഗസ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിലാണിത്. ആംഫോട്ടെറിസിൻ-ബി മരുന്നിന്‍റെ അഭാവവും കൊവിഡ് വ്യാപനം തുടരുന്നതുമാണ് ചികിത്സക്ക് വിഘാതമായി മാറിയിരിക്കുന്നത്. ബ്ലാക്ക് ഫംഗസിനെതിരെ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുൻപ് വ്യക്തമാക്കിയിരുന്നു.
ബ്ലാക്ക് ഫംഗസ് രാജ്യത്തെ പത്തിലധികം സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്‌തുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് നിലവിൽ അഞ്ച് മരുന്ന് നിർമാണ കമ്പനികളാണ് ആംഫോട്ടെറിസിൻ-ബി ഉൽപാദിപ്പിക്കുന്നത്. ഭാരത് സെറംസ് & വാക്സിൻസ് ലിമിറ്റഡ്, ബിഡിആർ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, സൺ ഫാർമ ലിമിറ്റഡ്, സിപ്ല ലിമിറ്റഡ്, മൈലാൻ ലാബ്സ് എന്നിവയാണ് ഇവ. നിലവിൽ മെയ് മാസത്തോടെ ആംഫോട്ടെറിസിൻ-ബിയുടെ 1,63,752 കുപ്പി മരുന്നുകളാണ് തദ്ദേശീയമായി ഉത്‌പാദിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇത് ജൂൺ മാസത്തോടെ 2,55,114 ആയി വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.