കൃഷ്‌ണ (ആന്ധ്രാപ്രദേശ്) : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ Mi-17 ഹെലികോപ്‌ടറിന് നേരെ കറുത്ത ബലൂണുകൾ പറത്തി പ്രതിഷേധമറിയിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റില്‍. തിങ്കളാഴ്‌ച രാവിലെ ആന്ധ്രാപ്രദേശിലെ ഗന്നവാരത്ത് വിജയവാഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പ്രധാനമന്ത്രിയുടെ ഹെലികോപ്‌ടർ ലാൻഡ് ചെയ്യുന്നതിനിടെയാണ് കറുത്ത ബലൂൺ പറത്തിയത്.
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി വിമാനത്താവളത്തിൽ 800 പേരടങ്ങുന്ന പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. ഭീമാവരത്ത് സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്‍റെ 125-ാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനും വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യാനുമാണ് മോദി എത്തിയത്.
സന്ദർശനവേളയിൽ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകുന്നതുൾപ്പടെയുള്ള വാഗ്‌ദാനങ്ങൾ ലംഘിച്ചതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്‌തിരുന്നു. ചില കോൺഗ്രസ് പ്രവർത്തകർ വിമാനത്താവളത്തിന് സമീപത്തെയൊരു ഗ്രാമത്തില്‍, നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കയറി കറുത്ത ഹൈഡ്രജൻ ബലൂണുകൾ പറത്തിവിടുകയായിരുന്നു.
സംഭവത്തിൽ മോദിയുടെ സുരക്ഷ ചുമതലയുള്ള പ്രത്യേക സംഘം സംസ്ഥാനത്തോട് വിശദീകരണം തേടിയിട്ടുണ്ട്. ബലൂണുകൾക്ക് പകരം ഡ്രോണുകൾ ആയിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നുവെന്ന് സുരക്ഷാസംഘം സംസ്ഥാന പൊലീസിനോട് ചോദിച്ചു. എന്നാൽ സംഭവത്തിൽ സുരക്ഷാവീഴ്‌ച ഉണ്ടായിട്ടില്ലെന്നാണ് സംസ്ഥാന പൊലീസിന്‍റെ വിശദീകരണം.
Also Read: video: മോദിക്ക് കറുത്ത ബലൂണുകൾ, പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ
വിമാനത്താവളത്തിലേക്ക് കറുത്ത ബലൂണുമായി കയറാൻ ശ്രമിച്ചതിന് മൂന്ന് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. വനിത നേതാവ് സുങ്കര പത്മശ്രീ ഉൾപ്പടെയുള്ള കോൺഗ്രസ് പ്രവർത്തകരാണ് പിടിയിലായത്. ഇവരിൽ നിന്നും പിടിച്ചെടുത്ത ബലൂണുകൾ പൊലീസ് പൊട്ടിക്കുകയും ഇവർക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്‌തു. കറുത്ത ബലൂണുകൾ പറത്തിവിട്ട രണ്ട് പേരിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും അടുത്തയാൾക്കായി അന്വേഷണം തുടരുകയാണെന്നും കൃഷ്‌ണ ജില്ല എസ്‌പി പി.ജോഷ്വ പറഞ്ഞു.