ന്യൂഡൽഹി: നടിയും ബിജെപി നേതാവുമായ ഖുശ്‌ബു സുന്ദറിനെ ദേശീയ വനിത കമ്മിഷൻ (എൻ സി ഡബ്ല്യൂ) അംഗമായി നാമനിർദേശം ചെയ്‌തു. ബിജെപിയുടെ ദേശീയ നിർവാഹക സമിതി അംഗമായ ഖുശ്ബു തന്നെയാണ് തൻ്റെ നിയമന വിജ്ഞാപനം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തത്. സ്‌ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള നിരന്തരമായ പരിശ്രമത്തിനും പോരാട്ടത്തിനുമുള്ള അംഗീകാരമാണ് ഖുശ്ബുവിന് ലഭിച്ചതെന്ന് പറഞ്ഞ് തമിഴ്‌നാട് ബിജെപി പ്രസിഡന്‍റ് കെ അണ്ണാമലൈ ഖുശ്ബുവിനെ അഭിനന്ദിച്ചു.
'ഇത്രയും വലിയ ഉത്തരവാദിത്തം എന്നെ വിശ്വസിച്ച് ഏൽപ്പിച്ചതിന് ബഹുമാനപ്പെട്ട നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്കും കേന്ദ്രസർക്കാരിനും ഞാൻ നന്ദി പറയുന്നു. നിങ്ങളുടെ നേതൃത്വത്തിൽ സകല അതിരുകളും ഭേദിച്ച് കുതിച്ചുചാട്ടം നടത്തികൊണ്ടിരിക്കുന്ന നാരീശക്തിയെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ഞാൻ കഠിനമായി പരിശ്രമിക്കും. ആകാംഷയോടെ ഞാൻ കാത്തിരിക്കുന്നു. ജയ് ഹിന്ദ്', എൻസിഡബ്ല്യൂ ഇന്ത്യയെ ടാഗ് ചെയ്‌ത് ഖുശ്ബു ട്വീറ്റ് ചെയ്‌തു .
സിനിമ നിർമാതാവും ടെലിവിഷൻ അവതാരകയുമായ താരം ഡിഎംകെയിൽ ചേർന്നിരുന്നുവെങ്കിലും പിന്നീട് കോൺഗ്രസിൽ ചേർന്ന് കോൺഗ്രസിൻ്റെ പാർട്ടി വക്താവായി. ഒടുവിൽ അവർ ബിജെപിയിലേക്ക് മാറുകയും 2021ലെ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്‌തു. തുടർന്ന് ഡിഎംകെയുടെ എൻ എഴിലനോട് പരാജയപ്പെടുകയായിരുന്നു. ഖുശ്‌ബുവിനൊപ്പം മറ്റ് രണ്ട് പേരെയും എൻസിഡബ്ല്യൂ അംഗമായി നാമനിർദേശം ചെയ്‌തിട്ടുണ്ട്.