ബെംഗളൂരു : കര്‍ണാടകയില്‍ ബിജെപി ഭരണത്തില്‍ കൊടികുത്തി നടമാടിയ അഴിമതിയും അതേതുടര്‍ന്നുള്ള വിവാദങ്ങളും ജനവിധിയില്‍ നിര്‍ണായകമായി. സ്വന്തം പാര്‍ട്ടിക്കാരെപ്പോലും അടിമുടി പിഴിയുന്ന തരത്തിലേക്ക് കര്‍ണാടകയില്‍ ബിജെപി ഭരണത്തില്‍ അഴിമതി വ്യാപിച്ചതിന്‍റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു കരാറുകാരന്‍ സന്തോഷ് പാട്ടീലിന്‍റെ ആത്മഹത്യയും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും. മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായിരുന്ന കെ എസ് ഈശ്വരപ്പയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ശേഷമാണ് സന്തോഷ് പാട്ടീല്‍ ജീവനൊടുക്കിയത്.
ബിജെപി നേതാവും ഹിന്ദു യുവവാഹിനി ദേശീയ സെക്രട്ടറിയുമായിരുന്നു സന്തോഷ് പാട്ടീല്‍. ഗ്രാമവികസന മന്ത്രിയായിരുന്ന കെ എസ് ഈശ്വരപ്പയുടെ മണ്ഡലത്തില്‍ നാലുകോടി രൂപയുടെ റോഡ് നിര്‍മ്മാണത്തിന്‍റെ കരാര്‍ ഇദ്ദേഹമായിരുന്നു നേടിയത്. ഇതില്‍ മന്ത്രി 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടെന്ന് സന്തോഷ് പാട്ടീല്‍ ആരോപിച്ചു.
ഇത് സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്. തുടര്‍ന്ന് ഉഡുപ്പിയിലെ ലോഡ്‌ജില്‍ സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്‌തു. താന്‍ ജീവനൊടുക്കാന്‍ കാരണം ഈശ്വരപ്പയാണെന്ന് കാണിച്ച് ഇയാള്‍ സുഹൃത്തുക്കള്‍ക്ക് വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ ഈശ്വരപ്പയ്ക്ക് രാജിവയ്‌ക്കേണ്ടിവന്നു. സന്തോഷ് പാട്ടീലിന്‍റെ സഹോദരന്‍ പ്രശാന്ത് പാട്ടീല്‍ നല്‍കിയ പരാതിയില്‍ ആത്മഹത്യാപ്രേരണയ്ക്ക് ഈശ്വരപ്പയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്‌തു.
മന്ത്രിയെ ഒന്നാം പ്രതിയാക്കി ഉഡുപ്പി പൊലീസ് എടുത്ത കേസില്‍ ഈശ്വരപ്പയുടെ സഹായികളായ ബസവരാജു, രമേഷ് എന്നിവരും ഉള്‍പ്പെട്ടിരുന്നു. വിഷയം ശക്തമായി ഉയര്‍ത്തി കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി സജീവ പ്രചാരണം അഴിച്ചുവിട്ടു.'നാല്‍പ്പത് ശതമാനം കമ്മീഷന്‍ സര്‍ക്കാരെന്ന്' വിശേഷിപ്പിച്ചുകൊണ്ട് ബിജെപി ഭരണകൂടത്തിനെതിരെ കോണ്‍ഗ്രസിന്‍റെ സംസ്ഥാന നേതാക്കള്‍ മുതല്‍ ദേശീയ നേതാക്കള്‍ വരെ ആഞ്ഞടിച്ചു.
പേ ടിഎമ്മിന് സമാനമായി 'പേ സിഎം ചെയ്യൂ, മുഖ്യമന്ത്രിയെ സഹായിക്കൂ' എന്ന പേരില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കെതിരെ കോണ്‍ഗ്രസ് നവീനമായൊരു പ്രചാരണ രീതി തന്നെ അവലംബിച്ചു. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഒരു ക്യു ആര്‍ കോഡ് ഉള്‍പ്പെടുത്തിയായിരുന്നു പോസ്റ്റര്‍ പ്രചാരണം. ഈ ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ 'ഫോര്‍ട്ടി പേഴ്‌സന്‍റ് സര്‍ക്കാര ഡോട്ട് കോം' എന്ന വെബ്സൈറ്റിലേക്കെത്തുന്ന തരത്തിലായിരുന്നു പ്രചാരണം.
സംസ്ഥാനത്തെ അഴിമതി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും പരാതി നല്‍കാനും ഈ വെബ്സൈറ്റ് ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനവും ചെയ്തു. ഇത്തരത്തില്‍ അഴിമതിയും സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയും ജനമധ്യത്തില്‍ തുറന്നുകാട്ടാന്‍ കോണ്‍ഗ്രസിനായി. സര്‍ക്കാര്‍ ജോലി ലഭിക്കണമെങ്കില്‍ വന്‍തുക കൈക്കൂലി നല്‍കണമെന്ന രീതിയിലേക്കുവരെ സര്‍ക്കാര്‍ സംവിധാനം അധപ്പതിച്ചത് പ്രചാരണഘട്ടങ്ങളിലെല്ലാം കോണ്‍ഗ്രസ് ആവര്‍ത്തിച്ചുന്നയിച്ചു.
ഈ രീതിയില്‍ അഴിമതി മുഖ്യവിഷയമായി തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുന്നതിലും അത് ഏവരെയും ആകര്‍ഷിക്കുന്ന തരത്തില്‍ വിവിധ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നതിലും ഡികെ ശിവകുമാറിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് സാധിച്ചതിന്‍റെ പ്രതിഫലനം കൂടിയാണ് പാര്‍ട്ടിയുടെ തിളക്കമാര്‍ന്ന വിജയം. അഴിമതിയിലും വിലക്കയറ്റ ദുരിതങ്ങളിലും തൊഴിലില്ലായ്‌മയിലും പൊറുതിമുട്ടിയ ജനം ബിജെപിയുടെ ഹലാല്‍-ഹിജാബ്-ഹനുമാന്‍ വിദ്വേഷപ്രചാരണങ്ങളില്‍ വീണില്ല. 'ദി കേരള സ്റ്റോറി' അടക്കം ഉയര്‍ത്തി യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ പ്രധാനമന്ത്രി മുതല്‍ പ്രാദേശിക ബിജെപി നേതാക്കള്‍ വരെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സര്‍ക്കാരിന്‍റെ മുഖത്തെ അഴിമതിക്കറ തെളിഞ്ഞുതന്നെ നിന്നു. അതോര്‍ത്തുവച്ച് കന്നടജനത വിധിയെഴുതി.