ന്യൂഡൽഹി: പശ്ചിമ ബംഗാൾ രാഷ്‌ട്രീയത്തിൽ ബിജെപി പുതിയ അധ്യായം രചിക്കുമെന്ന് ബിജെപി നേതാക്കൾക്ക് ഉറപ്പ് നൽകി പാർട്ടി മേധാവി ജെ.പി നദ്ദ. ദേശീയ തലസ്ഥാനത്ത് ഞായറാഴ്‌ച നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു ജെ.പി നദ്ദയുടെ പശ്ചിമ ബംഗാൾ രാഷ്‌ട്രീയത്തെ കുറിച്ചുള്ള പരാമർശം.
അടുത്തിടെ നടന്ന പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിച്ച പൻ ദാസ് ഗുപ്ത, അനുപം ഹസ്ര, കൈലാഷ് വിജയവർഗിയ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു.
തെരഞ്ഞെടുപ്പിൽ വിജയിച്ച നിരവധി പേർ ബിജെപി വിട്ട് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ ചേരുന്ന സാഹചര്യത്തിലായിരുന്നു നദ്ദയുടെ പ്രഖ്യാപനം. ദേശീയ നിർവാഹക സമിതി അംഗമായി പുതുതായി നാമനിർദേശം ചെയ്യപ്പെട്ട രജിബ് ബാനർജി ഉൾപ്പെടെ പാർട്ടി വിട്ട് തൃണമൂലിൽ ചേർന്നത് ബിജെപിക്ക് നാണക്കേടുണ്ടാക്കിയിരുന്നു.
ഡിസംബർ 25ന് മുൻപ് ബൂത്ത് തല കമ്മിറ്റി രൂപീകരണം പൂർത്തിയാക്കണമെന്നുൾപ്പെടെയുള്ള നിർദേശങ്ങളും യോഗത്തിൽ പാർട്ടി അധ്യക്ഷൻ നൽകി. എല്ലാ ബൂത്തുകളിലും പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് കേൾപ്പിക്കാനുള്ള സൗകര്യമൊരുക്കണമെന്നും അദ്ദേഹം നേതാക്കളോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ മുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ വോട്ട് വിഹിതം വർധിച്ചിട്ടുണ്ടെന്ന് നദ്ദ യോഗത്തിൽ പരാമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്യാബിനറ്റ് മന്ത്രിമാർ, മുഖ്യമന്ത്രിമാർ എന്നിവരുൾപ്പെടെ നിരവധി പാർട്ടി നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു.
Also Read: ചെന്നൈയില്‍ കനത്ത മഴ; ഇത്രയധികം മഴ ലഭിയ്ക്കുന്നത് 2015ലെ പ്രളയത്തിന് ശേഷം ആദ്യമായി